കൊച്ചി: ഉത്ര വധക്കേസിൽ മുഖ്യപ്രതി സൂരജിന്റെ പിതാവ് സുരേന്ദ്രന് ജാമ്യം ലഭിച്ചു. ഹൈക്കോടതിയാണ് സുരേന്ദ്രന് ജാമ്യം അനുവദിച്ചത്. ഉത്രയുടെ ഭർത്താവായ സൂരജ് മാത്രമാണ് കേസിലെ പ്രതിയെന്ന് അന്വേഷണസംഘം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് കോടതി ജാമ്യം നൽകുന്നത്.
സൂരജിന് എതിരെയുള്ള കുറ്റപത്രം കഴിഞ്ഞ ദിവസം പുനലൂർ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചിരുന്നു. പണം തട്ടാൻ ക്രൂരമായ കൊല നടത്തിയെന്നാണ് കുറ്റപത്രത്തിൽ വിശദീകരിക്കുന്നത്. ആയിരത്തിലധികം പേജുള്ള കുറ്റപത്രത്തിൽ ആസൂത്രിതമായി നടത്തിയ കൊലപാതകം എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
രണ്ട് തവണ പാമ്പിനെ കൊണ്ട് സൂരജ് ഉത്രയെ കടിപ്പിച്ചിട്ടുണ്ട്. രണ്ട് തവണയും തെളിവ് നശിപ്പിക്കാൻ ഇടപടലുണ്ടായി. കൊലപാതകം, കൊലപാതക ശ്രമം, ഗുരുതരമായി പരിക്ക് ഏൽപ്പിക്കൽ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് സൂരജിന് എതിരെ ചുമത്തിയിട്ടുള്ളത്.