ലിസ്ബൺ : ചെറുപ്പത്തിന്റെ ചോരത്തിളപ്പുമായി അട്ടിമറികൾ സൃഷ്ടിച്ചുകടന്നുവന്ന ജർമ്മൻ ക്ളബ് ആർ.ബി ലെയ്പ്സിഗിനെ വെട്ടിവീഴ്ത്തി ഫ്രഞ്ച് ക്ളബ് പാരീസ് എസ്.ജി ചരിത്രത്തിലാദ്യമായി യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിന്റെ ഫൈനലിലെത്തി. കഴിഞ്ഞ രാത്രി ലിസ്ബണിൽ നടന്ന ഫൈനലിൽ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കാണ് പി.എസ്.ജി ലെയ്പ്സിഗിനെ കീഴടക്കിയത്. ജർമ്മൻ ക്ളബ് ബയേൺ മ്യൂണിക്കും ഫ്രഞ്ച് ക്ളബ് ഒളിമ്പിക് ലിയോണും തമ്മിലുള്ള രണ്ടാം സെമിയിലെ ജേതാക്കളെയാണ് ഫൈനലിൽ പിഎസ്.ജി നേരിടേണ്ടത്.
രണ്ട് ഗോളുകൾക്ക് വഴിയൊരുക്കുകയും ഒരു ഗോളടിക്കുകയും ചെയ്ത അർജന്റീനിയൻ മിഡ്ഫീൽഡർ ഏയ്ഞ്ചൽ ഡി മരിയയുടെ മിന്നുന്ന പ്രകടനമാണ് ഫ്രഞ്ച് പടയ്ക്ക് വിജയമൊരുക്കിയത്. 13-ാം മിനിട്ടിൽ മാർഖ്വീഞ്ഞോസ്,42-ാം മിനിട്ടിൽ ഡി മരിയ,56-ാം മിനിട്ടിൽ യുവാൻ ബെർണാറ്റ് എന്നിവരാണ് പി.എസ്.ജിക്ക് വേണ്ടി സ്കോർ ചെയ്തത്. സൂപ്പർ താരം നെയ്മർ മൂന്നോളം മികച്ച ശ്രമങ്ങൾ നടത്തിയെങ്കിലും നിർഭാഗ്യത്താൽ ഗോളടിക്കാനായില്ല. നെയ്മറുടെ ഷോട്ടുകൾ പോസ്റ്റിലിടിച്ചും പുറത്തേക്കും പോവുകയായിരുന്നു.
ചുവപ്പുകാർഡിന്റെ വിലക്കുമൂലം അറ്റലാന്റയ്ക്ക് എതിരായ സെമിഫൈനലിൽ പുറത്തിരിക്കേണ്ടിവന്ന ഡി മരിയ മിന്നുന്ന ഫോമിലായിരുന്നു. ലെയ്പ്സിഗ് പ്രതിരോധം നെയ്മറെയും കിലിയാൻ എംബാപ്പെയെയും ലക്ഷ്യമിട്ട് വട്ടം ചുറ്റിയപ്പോൾ തുറന്നുകിട്ടിയ അവസരം ശരിക്കും മുതലാക്കിയാണ് ഡി മരിയ എല്ലാ ഗോളുകളിലും തന്റെ മുദ്ര ചാർത്തിയത്.
ഗോളുകൾ ഇങ്ങനെ
1-0
13-ാം മിനിട്ട്
മാർഖ്വിഞ്ഞോസ്
ഏയ്ഞ്ചൽ ഡി മരിയ എടുത്ത ഫ്രീകിക്ക് മാർക്ക് ചെയ്യപ്പെടാതെ നിന്ന മാർഖ്വിഞ്ഞോസിനെ കൃത്യമായി ലക്ഷ്യമിട്ടുള്ളതായിരുന്നു. തകർപ്പനൊരു ഹെഡറിലൂടെ മാർഖ്വിഞ്ഞോസ് അത് വലയിലാക്കി.
2-0
42-ാം മിനിട്ട്
ഏയ്ഞ്ചൽ ഡി മരിയ
ലെയ്പ്സിഗ് ഗോളി മിഡ്ഫീൽഡിലേക്ക് നൽകിയ പന്ത് തട്ടിപ്പറിച്ചെത്തിയ പി.എസ്.ജി അടുത്തഗോളും നേടി.ബോക്സിനുള്ളിൽ തനിക്ക് ഗോളടിക്കാൻ പാകത്തിൽ കിട്ടിയ പന്താണ് നെയ്മർ ഡി മരിയയ്ക്ക് മറിച്ചു നൽകിയത്.
3-0
56-ാം മിനിട്ട്
യുവാൻ ബെർണാറ്റ്
ഡി മരിയയുടെ തകർപ്പൻ ക്രോസിൽ നിന്നാണ് ബെർണാറ്റ് പാരീസിന്റെ മൂന്നാം ഗോൾ നേടിയത്.
1
ആദ്യമായാണ് പാരീസ് എസ്.ജി ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിലെത്തുന്നത്. 1994/95 സീസണിൽ സെമിയിലെത്തിയതായിരുന്നു ഇതുവരെയുള്ള വലിയ നേട്ടം. 1996 സീസണിൽ യൂറോപ്യൻ വിന്നേഴ്സ് കപ്പ് നേടിയതിനും തൊട്ടടുത്ത വർഷം റണ്ണർ അപ്പായതിനും ശേഷം വിൻകരയിലെ ഒരു ടൂർണമെന്റിലും ഫൈനൽ കളിക്കാനായിട്ടില്ല.
50
പി.എസ്.ജിയുടെ സുവർണ ജൂബിലി വർഷമാണിത്. 1970 ലാണ് ക്ളബ് സ്ഥാപിച്ചത്.
4
ഈ സീസണിൽ നാല് കിരീടങ്ങൾ നേടാൻ പി.എസ്.ജിക്ക് വഴിതുറന്നിരിക്കുകയാണ്. ഫ്രഞ്ച് ലീഗ്,ഫ്രഞ്ച് കപ്പ്,ഫ്രഞ്ച് ലീഗ് കപ്പ് എന്നിവയാണ് നെയ്മറും കൂട്ടരും ഇൗ സീസണിൽ ഇതുവരെ സ്വന്തമാക്കിയത്.
6
അസിസ്റ്റുകളുമായി ഈ സീസണിൽ ഗോളടിക്കാൻ സഹായിച്ചവരുടെ പട്ടികയിൽ ഡി മരിയ ഒന്നാമതെത്തി.