വാഷിംഗ്ടൺ: വംശനാശം സംഭവിച്ച് കൊണ്ടിരിക്കുന്ന സാൽമൺ, സ്റ്റീൽഹെഡ് ട്രോട്ട് എന്നീ മത്സ്യങ്ങളെ സംരക്ഷിക്കാനായി കൊളമ്പിയ നദിയിലെ നൂറ് കണക്കിന് കടൽ സിംഹങ്ങളെ കൊല്ലാനൊരുങ്ങുകയാണ് അമേരിക്ക. ഈ മത്സ്യങ്ങളെ കടൽ സിംഹങ്ങൾ ഭക്ഷണമാക്കുകയാണെന്നും അത് അവയുടെ നിലനിൽപ്പിന് തന്നെ ദോഷമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് തീരുമാനം. കൊളംബിയ നദീതടത്തിൽ നിന്നും വരും വർഷങ്ങളിൽ 546 കാലിഫോർണിയ കടൽ സിംഹങ്ങളെയും 176 സ്‌റ്റെല്ലർ ഇനത്തിൽ പെട്ട കടൽ സിംഹങ്ങളെയും കൊല്ലാനാണ് അനുമതി നൽകിയിരിക്കുന്നത്. കൊന്നാലും കടൽ സിംഹങ്ങൾക്ക് വംശനാശം സംഭവിക്കില്ലെന്നാണ് അധികൃതരുടെ ഭാഷ്യം.
സാൽമൺ, സ്റ്റീൽഹെഡ് ട്രോട്ട് എന്നീ മത്സ്യങ്ങളെ സംരക്ഷിക്കണമെന്ന ആവശ്യം രാജ്യത്ത് ശക്തമാണ്. ഇത് കൂടാതെ മറ്റൊരു പ്രത്യേകതയും ഈ തീരുമാനത്തിന് പിന്നിലുണ്ട്. വടക്ക് കിഴക്കൻ പസഫിക് സമുദ്രത്തിൽ ഓർക്ക തിമിംഗലങ്ങൾ കടുത്ത വംശനാശം നേരിടുകയാണ്. ഇവയുടെ ഇഷ്‌ട ഭക്ഷണമാണ് സാൽമൺ മീനുകൾ. സാൽമൺ മത്സ്യങ്ങളുടെ എണ്ണം കുറഞ്ഞാൽ ഓർക്ക തിമിംഗലങ്ങൾ ഇല്ലാതാകുമോ എന്ന ആശങ്കയും ഈ തീരുമാനത്തിന് പിന്നിലുണ്ട്.
കടൽ സിംഹങ്ങളെ കൊല്ലാനുള്ള തീരുമാനം പുറത്തുവന്നതോടെ കൊളംബിയ നദിയിൽ പോർട്ട്ലൻഡ് മുതൽ മക്നെരി ഡാം വരെയുള്ള 290 കിലോമീറ്റർ ഭാഗത്തുള്ള സംസ്ഥാനങ്ങൾക്കും പ്രദേശത്തെ ചില ഗോത്ര വർഗ വിഭാഗക്കാർക്കും കടൽ സിംഹങ്ങളെ വേട്ടയാടി കൊല്ലാം.