കൊല്ലം: അഞ്ചലിൽ പാമ്പിനെകൊണ്ട് കടിപ്പിച്ച് ഉത്രയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവും കേസിലെ ഒന്നാം പ്രതിയുമായ സൂരജിനെതിരെ ക്രൈംബ്രാഞ്ച് സംഘം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ഉരഗശാസ്ത്രവും! വിഷപ്പാമ്പിനെ കൊണ്ട് കൊത്തിച്ചാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന സൂരജിന്റെ കുറ്റസമ്മതമൊഴിയെ സാധൂകരിക്കുന്ന ശാസ്ത്രീയ തെളിവുകൾക്കും സാക്ഷിമൊഴികൾക്കും അടിവരയിടാൻ ഹെർപ്പറ്റോളജിയിൽ (ഉരഗങ്ങളെക്കുറിച്ചുള്ള പഠനം) അക്കാഡമിക് വൈദഗ്ദ്ധ്യം നേടിയവരും അറിവും അനുഭവപരിചയവും ആർജിച്ചവരുമായ ഒരു ഡസനിലധികം പേരുടെ അഭിപ്രായങ്ങൾ കുറ്റപത്രത്തിൽ പ്രത്യേകമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ചൈനയിൽ ഗവേഷണം നടത്തുന്ന വിദഗ്ദ്ധന്റെയും ഡെറാഡൂണിലെ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസർ ശർമ്മയുടെയും രാജ്യത്തിനകത്തും പുറത്തുമുള്ള മറ്റുചില വിദഗ്ദ്ധരുടെ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും അന്വേഷണ സംഘം ശേഖരിച്ചു. ഇതിനൊപ്പം പാമ്പിൻ വിഷത്തെപ്പറ്റിയും പാമ്പുകളെപ്പറ്റിയും വിശദമായ പഠന റിപ്പോർട്ടും രണ്ടായിരം പേജുള്ള കുറ്റപത്രത്തിൽ ചേർത്തിട്ടുണ്ട്.
ഉരഗങ്ങളെയും പാമ്പിൻ വിഷത്തെയും പറ്റി ആധികാരികമായി പറയാൻ ശേഷിയുള്ള ഹെർപ്പറ്റോളജിസ്റ്റ്, ഫോറൻസിക് വിദഗ്ദ്ധർ എന്നിവർക്കൊപ്പം സ്നേക്ക് മാസ്റ്ററായ വാവാ സുരേഷ്, ഉത്രയുടെ കൊലപാതകത്തിന് ഉപയോഗിച്ച പാമ്പിനെ പോസ്റ്റുമോർട്ടം ചെയ്ത ഫോറസ്റ്റ് വെറ്ററിനറി അസിസ്റ്റന്റ് സർജൻ ഡോ. കിഷോർ, ഡോ.ജേക്കബ് അലക്സാണ്ടർ എന്നിവരും ഉത്രയെ കൊലപ്പെടുത്താനുപയോഗിച്ച പാമ്പുകളെയും കൊലപാതകത്തിന് അവയെ ഉപയോഗിച്ച രീതികളെയും തെളിവുകളുടെ അടിസ്ഥാനത്തിൽ കുറ്രപത്രത്തിൽ വിശകലനം ചെയ്യുന്നുണ്ട്. കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്ത സൂരജ് അതിനായി പാമ്പിനെ വിലയ്ക്ക് വാങ്ങിയത് മുതൽ കൃത്യത്തിനുപയോഗിച്ചത് വരെ പാമ്പുമായി ഇടപഴകിയ ഓരോ നിമിഷങ്ങളെയും തലനാരിഴകീറി വിലയിരുത്തിയാണ് വിദഗ്ദ്ധരുടെ മൊഴികളായി കുറ്റപത്രത്തിൽ ചേർത്തിരിക്കുന്നത്.
അണലി വരില്ല
ഉത്രയെ ആദ്യം അണലിയെ ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച അടൂരിലെ വീടോ പരിസരമോ അണലിയുടെ താവളമാകാനിടയില്ലാത്ത സ്ഥലമാണെന്ന് ഉരഗശാസ്ത്ര വിദഗ്ദ്ധർ വ്യക്തമാക്കിയിട്ടുണ്ട്. അടൂരിലെ വീടിന്റെയും പരിസരത്തെയും മണ്ണിന്റെ പ്രത്യേകതയും ഭൂപ്രകൃതിയും വിലയിരുത്തിയാണ് ഈ വിശകലനം. മണ്ണിലല്ലാതെ ഉയരങ്ങളിലേക്ക് ഇഴഞ്ഞുകയറാൻ സാദ്ധ്യതയില്ലാത്തതും കുറഞ്ഞ വേഗത്തിൽ സഞ്ചരിക്കുന്നതുമായ അണലി വർഗത്തിൽപ്പെട്ട പാമ്പ് വീടിന്റെ സ്റ്റെയർകേയ്സിന്റെ തിരിവിൽ ഇഴഞ്ഞെത്തില്ലെന്ന് വിദഗ്ദ്ധർ വെളിപ്പെടുത്തുന്നു. കൊലപാതക ശ്രമം നടന്ന അടൂരിലെയും അഞ്ചലിലെയും വീടിന്റെയും പരിസരത്തെയും മുറികളുടെയും ഫോട്ടോകളും തെളിവിനായി ഹാജരാക്കിയിട്ടുണ്ട്.
കൊലപാതകം നടന്ന അഞ്ചലിലെ വീട്ടിൽ സാധാരണഗതിയിൽ പാമ്പ് കയറാൻ സാദ്ധ്യത വിരളമാണെന്നാണ് വാവ സുരേഷ്
ഉൾപ്പടെയുളളവർ നൽകിയ മൊഴി. എ.സി വഴിയും വെന്റിലേഷൻ ഉൾപ്പെടെ എല്ലാം അടച്ച് ഭദ്രമാക്കിയ മുറിയുടെ തുറന്നിട്ട ജനാലവഴിയാണ് പാമ്പ് മുറിയ്ക്കുള്ളിൽ കടന്നതെന്ന സൂരജിന്റെ മൊഴിയും നിലനിൽക്കുന്നതല്ല.
വൈദഗ്ദ്ധ്യമില്ലാത്ത ഒരാൾക്ക് പാമ്പിനെ കൈകൊണ്ടെടുക്കാൻ സാധിക്കില്ലെന്ന ഹെർപ്പറ്രോളജി വിദഗ്ദ്ധന്റെ മൊഴിയും കേസിൽ നിർണായകമാണ്. പാമ്പ് പിടിത്തക്കാരുമായുള്ള സൗഹൃദത്തിലൂടെയുള്ള പരിചയമോ, സ്വയം ഇടപെട്ടുള്ള പരിചയമോ ഇല്ലാതെ ഒരു പാമ്പിനെ പിടികൂടാനാകില്ലെന്ന മൊഴി കുറ്റപത്രത്തിൽ ചേർത്തിട്ടുണ്ട്. നീർക്കോലിയോ ചേരയോ പോലെയല്ല വിഷപ്പാമ്പുകൾ. അതിന്റെ സ്വഭാവം അറിഞ്ഞേ പിടികൂടാനാകൂ. പാമ്പിനെ പരിചയിച്ചവർക്ക് മാത്രമേ ഇതിന് കഴിയൂ. പാമ്പ് കൂടുതൽ സമയം ഇഴഞ്ഞുപോയാൽ അതിന്റെ ലക്ഷണങ്ങൾ ആർക്കും തിരിച്ചറിയാം. ബെഡിൽ പാമ്പ് കയറിയിരുന്നാലും കിടക്കുന്നതിന് മുമ്പ് ശ്രദ്ധയിൽ പെടേണ്ടതാണ്. വിഷപാമ്പുകളെ കൊണ്ട് മനഃപൂർവ്വമായി കടിപ്പിക്കുന്ന അവസരത്തിൽ കൈകൊണ്ടു പിടിച്ചു കടിപ്പിക്കുക ആണെങ്കിൽ വരുന്ന സൂപ്പർഫിഷ്യലായിട്ടുള്ള മൾട്ടിപ്പിൾ ഫാഗ് മാർക്കുകൾ, ഇരയെ ബലമായി കെട്ടിയിട്ടുണ്ടെങ്കിൽ വരാവുന്ന ത്വക്കിലെ പാടുകൾ എന്നിവ പോസ്റ്റ്മോർട്ടത്തിൽ കൊലപാതകശ്രമത്തിന്റെ സൂചനകളായി വരാവുന്നതാണ്. പാമ്പിനെ പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയതിലൂടെ ലഭിച്ച തെളിവുകളും പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർ കിഷോറിന്റെ മൊഴികളും പാമ്പിന്റെ രാസപരിശോധനാഫലവും രാജീവ് ബാന്ധി ബയോടെക്നോളജി ലാബിലെ കണ്ടെത്തലുകളും കുറ്രപത്രത്തിലുണ്ട്.