reliance-retail

മുംബയ്: ഓൺലൈൻ മരുന്ന് വിതരണ കമ്പനിയായ നെറ്റ്‌മെഡ്‌സിന്റെ 60 ശതമാനം ഓഹരികൾ 620 കോടി രൂപയ്ക്ക് റിലയൻസ് ഇൻഡസ്‌ട്രീസ് വാങ്ങി. നെറ്റ്‌മെഡ്‌സിന് 1,000 കോടി രൂപ മൂല്യം കണക്കാക്കിയായിരുന്നു ഇടപാട്. കൊവിഡ് കാലത്ത് മികച്ച സ്വീകാര്യത നേടിയ ഓൺലൈൻ ഫാർമസി രംഗത്തെ കമ്പനിയെ ഏറ്റെടുത്ത നടപടി, റിലയൻസ് റീട്ടെയിലിന് ഇ-കൊമേഴ്‌സിൽ കൂടുതൽ ശക്തിപകരും.

റിലയൻസിന്റെ ഓൺലൈൻ സ്‌റ്റോറായ ജിയോമാർട്ടും മികച്ച ഉപഭോക്തൃ പ്രതികരണം നേടുന്നുണ്ട്. വെറ്റാലിക് ഹെൽത്ത് പ്രൈവറ്റ് ലിമിറ്റഡും ഉപകമ്പനികളുമാണ് 'നെറ്റ്‌മെഡ്‌സ്" എന്നറിയപ്പെടുന്നത്. 2015ൽ പ്രദീപ് ദാധയാണ് നെറ്റ്‌മെഡ്‌സിന് രൂപംനൽകിയത്. മരുന്നുകൾ, പേഴ്‌സണൽ/ബേബി കെയർ ഉത്പന്നങ്ങൾ എന്നിവയുടെ ഓൺലൈൻ വിതരണം, ഡോക്‌ടറുടെ സേവനം ബുക്ക് ചെയ്യൽ, രോഗനിർണയം എന്നിവ ആപ്പ് വഴി നടത്തുന്ന സ്ഥാപനമാണിത്.

രാജ്യത്ത്, എല്ലാരംഗത്തും ഏവർക്കും ഡിജിറ്റൽ സേവനം ലഭ്യമാക്കുകയെന്ന റിലയൻസിന്റെ ലക്ഷ്യത്തിന്റെ ഭാഗമാണ് ഏറ്റെടുക്കലെന്ന് റിലയൻസ് റീട്ടെയിൽ ഡയറക്‌ടർ ഇഷ അംബാനി പറഞ്ഞു. ആമസോണുമായി നേരിട്ടുള്ള ഏറ്റുമുട്ടലിനാണ് ഇതുവഴി റിലയൻസ് കളംതുറക്കുന്നത്. ഓൺലൈൻ മരുന്ന് വിപണനത്തിനായി 'ആമസോൺ ഫാർമസി" എന്ന സംരംഭത്തിന് ആമസോൺ തുടക്കമിട്ടിരുന്നു.

ഏറ്റെടുക്കൽ മേളയ്ക്ക്

മുകേഷ് അംബാനി

വരും ദിവസങ്ങളിലായി ഒട്ടേറെ കമ്പനികളുടെ ഓഹരികൾ വാങ്ങാനുള്ള നീക്കത്തിലാണ് റിലയൻസ് ഇൻഡസ്‌ട്രീസ്. വസ്‌ത്ര ബ്രാൻഡായ സീവാമെ, ഫർണീച്ചർ ബ്രാൻഡായ അർബൻ ലാഡർ, റീട്ടെയിൽ ഗ്രൂപ്പായ ഫ്യൂച്ചർ എന്നിവയാണ് പട്ടികയിലുള്ളത്.