തിരുവനന്തപുരം: വരുന്ന അൻപത് വർഷത്തേക്ക് തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് അദാനി ഗ്രൂപ്പിനെ പാട്ടത്തിന് നൽകാനുളള കേന്ദ്ര തീരുമാനം കൊവിഡ് കാലത്തെ പകൽകൊളളയാണെന്ന് സഹകരണ-ദേവസ്വം-ടൂറിസം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രൻ. ലാഭത്തിലുളള വിമാനത്താവളം സ്വകാര്യ കമ്പനിയെ ഏൽപ്പിക്കുന്ന ഇടപാടിനു പിന്നിൽ ബിജെപി കോടികളുടെ അഴിമതി നടത്തിയെന്നും കേന്ദ്ര തീരുമാനത്തിനെതിരെ സംസ്ഥാനം ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. വിമാനത്താവളം എളുപ്പത്തിൽ വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തീരുമാനം മൂലം വിമാനത്താവള ജീവനക്കാരുടെ ഭാവി തുലാസിലായെന്നും കടകംപളളി സുരേന്ദ്രൻ പറഞ്ഞു.
തുടർനടപടികളെ പറ്റി സർക്കാർ ഗൗരവമായി ആലോചിക്കുകയാണെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളം ഉൾപ്പടെ മൂന്ന് വിമാനത്താവളങ്ങളുടെ നടത്തിപ്പ്, വികസനം,നവീകരണം എന്നിവയാണ് സ്വകാര്യ കമ്പനികൾക്ക് ഏൽപിച്ച് കേന്ദ്രതീരുമാനമായത്.