swapna

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ രണ്ടാംപ്രതി സ്വപ്‌ന സുരേഷ് ഉന്നതരുടെ ബിനാമിയാണെന്ന സംശയത്തെ തുടർന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം ആ വഴിക്കും വ്യാപിപ്പിക്കുന്നതായി സൂചന. സ്വപ്‌നയെ ബിനാമിയാക്കി സാമ്പത്തിക ഇടപാട് നടത്തുന്ന ഉന്നതനെ കുറിച്ച് എൻഫോഴ്സ്‌മെന്റിന് ചില സൂചനകൾ ലഭിച്ചതായാണ് അറിയുന്നത്. ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ എൻഫോഴ്സ്‌മെന്റ് വൃത്തങ്ങൾ തയ്യാറായിട്ടില്ല. കമ്മിഷനിൽ കണ്ണ്, ബിസിനസിൽ പണമിറക്കി വിദേശരാജ്യങ്ങളുമായി സഹകരിച്ചുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതികളിൽ ഇടനിലക്കാരിയായാൽ മികച്ച കമ്മിഷൻ കിട്ടുമെന്ന് സ്വപ്‌ന മനസിലാക്കിയിരുന്നു. ഇതാണ് യു.എ.ഇ സർക്കാരിന്റെ സന്നദ്ധ സംഘടനയായ റെഡ് ക്രസന്റിന്റെ കേരളത്തിലെ ഏജന്റ് ആവാൻ സ്വപ്‌നയെ പ്രേരിപ്പിച്ചത്. കമ്മിഷനിലൂടെ ലഭിച്ച നല്ലൊരു തുക സ്വപ്‌ന സ്വന്തം നിലയിൽ ബിസിനസുകൾക്കായി ഉപയോഗിച്ചിരുന്നതായും സൂചനയുണ്ട്. ഓഹരി വിപണിയിലും സ്വപ്‌ന പണം നിക്ഷേപിച്ചിട്ടുണ്ടെന്നാണ് സൂചന. ബിസിനസ് തകരുകയോ ഷെയർ മാർക്കറ്റിൽ നഷ്ടം സംഭവിക്കുകയോ ചെയ്തതോടെയാണ് സ്വപ്‌നയ്ക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടായത്. ഇതോടെയാണ് സ്വപ്‌ന മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിൽ നിന്ന് പണം കടം വാങ്ങിയത്. രണ്ട് വർഷത്തിനിടെ മൂന്ന് തവണയാണ് ശിവശങ്കർ സ്വന്തം കൈയിൽ നിന്ന് സ്വപ്‌നയ്ക്ക് പണം നൽകിയത്. സ്വപ്‌നയുമായി അടുത്ത് ബന്ധമുണ്ടായിരുന്ന ശിവശങ്കറിന് അവരുടെ ബിസിനസ് സംബന്ധിച്ച് അറിയാമെന്നാണ് സൂചന. ഇല്ലെങ്കിൽ സ്വപ്‌നയെ സഹായിക്കാൻ ശിവശങ്കർ തയ്യാറാവുമായിരുന്നില്ല. എന്നാൽ, കസ്റ്റംസോ, എൻ.ഐ.എയോ ഇ.ഡിയോ നടത്തിയ ചോദ്യം ചെയ്യലിൽ തനിക്ക് വേറെ ബിസിനസ് ഉണ്ടെന്നതിനുള്ള ഒരു സൂചനയും സ്വപ്‌ന നൽകിയിട്ടില്ല.

ലോക്കറിൽ പണം വച്ചിട്ട് കടം വാങ്ങിയത് എന്തിന്?

ഒരുകോടി രൂപ ബാങ്ക് ലോക്കറിൽ ഉണ്ടായിട്ടും സ്വപ്ന എന്തുകൊണ്ട് ഈ തുക ഉപയോഗിച്ചില്ലെന്നതാണ് സംശയത്തിന് ഇടയാക്കുന്നത്. വിവാഹസമ്മാനമായി ലഭിച്ചതാണ് തുകയാണെന്നാണ് നേരത്തെ സ്വപ്‌ന എൻ.ഐ.എയോട് പറഞ്ഞിരുന്നത്. എന്നാൽ, ലൈഫ് മിഷൻ പദ്ധതിയിൽ സ്‌പോൺസർമാരെ കണ്ടെത്തിയതിലൂടെ യു.എ.ഇ കോൺസുലേറ്റ് നൽകിയ സമ്മാനമാണ് ഈ തുകയെന്നാണ് കഴിഞ്ഞ ദിവസം സ്വപ്‌നയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്. ഇതോടെ പണത്തിന്റെ യഥാർത്ഥ അവകാശി മറ്റൊരാളാണെന്നും സ്വപ്‌ന വെറും ബിനാമി ആണെന്നുമുള്ള സംശയത്തിന് ആക്കം കൂടുകയാണ്. എന്നാൽ, ലോക്കറിലുണ്ടായിരുന്ന ഒരു കോടിയും ഒരു കിലോ സ്വർണവും തന്റേതാണെന്ന് സ്വപ്‌ന പറയുന്നത് ഈ ഉന്നതനെ സംരക്ഷിക്കാനാണെന്ന് ഇ.ഡി കരുതുന്നു.

വ്യാജ അക്കൗണ്ടിലൂടെയും പണം സമാഹരിച്ചു ജീവകാരുണ്യത്തിനായി യു.എ.ഇ കോൺസുലേറ്റിന്റെ പേരിൽ വ്യാജമായി അക്കൗണ്ട് തുടങ്ങിയ ശേഷം, രാജ്യാന്തര സംഘടനകളെ തെറ്റിദ്ധരിപ്പിച്ചു സ്വപ്‌ന പണം സമാഹരിച്ചതായും റിപ്പോർട്ടുണ്ട്. നയതന്ത്ര പരിരക്ഷയ്ക്ക് വേണ്ടിയാണ് കോൺസുലേറ്റ് അറിയാതെ അതേ പേരിൽ അക്കൗണ്ട് എടുത്തത്. ഇതിന് വ്യാജരേഖകളും സ്വപ്‌ന ഉപയോഗിച്ചെന്ന വിവരമാണ് എൻ.ഐ.എയ്ക്കും ഇ.ഡിക്കും ലഭിച്ചത്. കോൺസുലേറ്റിൽ സ്വപ്നയ്ക്ക് ജോലിയുണ്ടായിരുന്ന സമയത്താണ് അക്കൗണ്ട് തുടങ്ങിയത്. 2018 ഒക്ടോബർ മുതൽ കോടികളാണ് ഈ അക്കൗണ്ടിൽഎത്തിയതെന്നും ഇതിൽ ചെറിയൊരു ഭാഗം മാത്രമാണ് സന്നദ്ധ സംഘടനകൾക്കു വിതരണം ചെയ്‌തെന്നുമാണ് സൂചന. ശേഷിച്ച തുക സ്വപ്‌നയും കൂട്ടരും കൈക്കലാക്കിയെന്നും സൂചനയുണ്ട്.

സ്വര്‍ണക്കടത്ത് അന്വേഷണം വഴിത്തിരിവില്‍ രണ്ട് ഉന്നതര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റംസും എൻ.ഐ.എയും എൻഫോഴ്സ്‌മെന്റും ചോദ്യം ചെയ്തതിന് പിന്നാലെ സംസ്ഥാനത്തെ രണ്ട് ഉന്നത ഉദ്യോഗസ്ഥർ കൂടി എൻഫോഴ്സ്‌മെന്റ് ഡയറക്ടേറ്റിന്റെ നിരീക്ഷണത്തിൽ. ഇതിൽ ഒരാൾ ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. മറ്റേയാൾ ഒരു സുപ്രധാന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനും. ഈ വകുപ്പ് മുഖ്യമന്ത്രിയുടെ കീഴിൽ വരുന്നതാണ്. നേരത്തെ ചില ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് ഈ ഉന്നത ഉദ്യോഗസ്ഥനെ ഒരു തസ്കിക സൃഷ്ടിച്ച് അവിടേക്ക് മാറ്റുകയായിരുന്നു.

കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലായ ഇവരെ വൈകാതെ ചോദ്യം ചെയ്തേക്കുമെന്നും സൂചനയുണ്ട്. എന്നാൽ, ഇവരെക്കുറിച്ചുള്ള വിവരങ്ങളോ ഇവർക്ക് കേസുമായി ഏതുതരത്തിലുള്ള ബന്ധമാണുള്ളത് തുടങ്ങിയ കാര്യങ്ങളോ കേന്ദ്ര അന്വേഷണ ഏജൻസികൾ പുറത്തുവിട്ടിട്ടില്ല. എൻഫോഴ്സ് മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്തേക്കും. അതിനുശേഷമാവും ഈ രണ്ട് ഉദ്യോഗസ്ഥരെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുക എന്നും സൂചനയുണ്ട്. ഇതോടെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണം ഉദ്യോഗസ്ഥതലത്തിൽ ഒരാളിൽ മാത്രം ഒതുങ്ങില്ലെന്ന് വ്യക്തമായി. കള്ളപ്പണം വെളിപ്പിക്കലിന് പിന്നിൽ ഉയർന്ന ഉദ്യോഗസ്ഥരുണ്ടെന്ന് സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ടുള്ള വാദത്തിൽ കോടതിയെ ഇ.ഡി അറിയിച്ചുവെന്ന ചില റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതിന് പിന്നാലെയാണ് രണ്ട് ഉന്നത ഉദ്യോഗസ്ഥരുടെ വിവരം കൂടി പുറത്തുവന്നത്.

അസി.പ്രോട്ടോക്കോള്‍ ഓഫീസര്‍ എന്‍.ഐ.എ ഓഫീസിലെത്തി

കൊച്ചി: നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെ, സംസ്ഥാന അസിസ്‌റ്റന്റ് പ്രോട്ടോക്കോൾ ഓഫീസർ എൻ.ഐ.എയുടെ കൊച്ചി ഓഫീസിലെത്തി ആവശ്യപ്പെട്ട രേഖകളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറി. പ്രോട്ടോക്കോൾ വിഭാഗത്തിലെ ഫയലുകൾ എൻ.ഐ.എ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ സർക്കാർ അത് കൈമാറിയിരുന്നില്ല. പ്രോട്ടോക്കോൾ വിഭാഗത്തിലെ ഒരു വർഷത്തിലേറെയായുള്ള ഫയലുകൾ കാണാനില്ലാത്തതിനെ തുടർന്നാണിതെന്നാണ് സൂചന. എന്നാൽ, രേഖകൾ കൈമാറുന്നതിൽ എതിർപ്പില്ലെന്നും അൽപം കൂടി സമയം വേണമെന്നും അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫീസർ എം.എസ്.ഹരികൃഷ്‌ണൻ എൻ.ഐ.എയെ അറിയിച്ചു.