വിൻഡ്‌ഹോക്ക്: ' ആനപ്പിണ്ടത്തിന് കൊവിഡ് 19നെ ചെറുക്കാനാനുള്ള ശേഷിയില്ല... സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയുള്ള ഇത്തരം വ്യാജ പ്രചാരണങ്ങളിൽ ജനങ്ങൾ വിശ്വസിക്കരുത്.! ' തെക്ക് പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ നമീബിയയിലെ ജനങ്ങളോട് സർക്കാർ നൽകുന്ന മുന്നറിയിപ്പാണിത്. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഇതിനിടെയാണ് കൊവിഡ് 19നെ ചെറുക്കാൻ ആനപ്പിണ്ടത്തിന് കഴിയുമെന്ന തരത്തിലുള്ള വാർത്തകൾ വർദ്ധിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായി പരിസ്ഥിതി മന്ത്രാലയം വക്താവ് റോമിയോ മുയുൻഡ ഒരു അന്താരാഷ്ട്ര വാർത്താ ഏജൻസിയോട് അറിയിച്ചത്.
കൊവിഡ് പ്രതിരോധത്തിന്റെ പേരിൽ സാമൂഹ്യ മാദ്ധ്യമങ്ങൾ വഴി ആനപ്പിണ്ടം ഭീമൻ തുകയ്ക്ക് വില്പന നടത്തുന്ന തട്ടിപ്പ് സംഘവും രംഗത്തുണ്ടെന്ന് അധികൃതർ പറയുന്നു. നമീബിയയിലെ ചില പരമ്പരാഗത വൈദ്യന്മാർ അവകാശപ്പെടുന്നത് ആനപ്പിണ്ടത്തിന് തലവേദന, പല്ലുവേദന തുടങ്ങിയവ ശമിപ്പിക്കാനുള്ള കഴിവുണ്ടെന്നാണ്. ഇത് ഏറ്റുപിടിച്ചാണ് കൊവിഡിനെ തുരത്താൻ ആനപ്പിണ്ടത്തിന് കഴിയുമെന്ന് വ്യാജപ്രചാരണം നടത്തുന്നത്.
കൊവിഡിനെ പ്രതിരോധിക്കുന്നതിൽ ആദ്യം പ്രശംസ നേടിയ രാജ്യമായ നമീബിയയിൽ ഇപ്പോൾ രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. തലസ്ഥാന നഗരമായ വിൻഡ്‌ഹോക്ക്, തുറമുഖ നഗരമായ വാൽവിസ് ബേ എന്നിവ രാജ്യത്തെ ഏറ്റവും വലിയ ഹോട്ട്‌സ്പോട്ടുകളായി മാറിയിരിക്കുകയാണ്. നിലവിൽ 4,464 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 37 പേർ മരിച്ചു.