pakistan

റിയാദ്: സൗദി അറേബ്യയുമായി ഉണ്ടായ നയതന്ത്ര ബന്ധത്തിലെ അസ്വാരസ്യങ്ങൾ പരിഹരിക്കാൻ മാപ്പപേക്ഷയുമായി പോയ പാകിസ്ഥാന് തിരിച്ചടി. പ്രശ്‌നപരിഹാരത്തിനായി പാക് സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വ സൗദിയിലെത്തിയിട്ടും അദ്ദേഹത്തെ കാണാൻ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ തയ്യാറായില്ല.

ജമ്മു കാശ്മീർ വിഷയത്തിൽ ചർച്ച നടത്തണമെന്ന ആവശ്യം സൗദി നേതൃത്വത്തിലുള്ള ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ ഒ.ഐ.സി. പരിഗണിക്കാതിരുന്നതിൽ പാക് വിദേശകാര്യ മന്ത്രിയായ ഷാ മെഹമൂദ് ഖുറേഷി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ചർച്ചയ്ക്ക് മുൻ കൈയെടുത്തില്ലെങ്കിൽ ഒ.ഐ.സിയെ പിളർത്തുമെന്ന സൂചന നൽകുന്ന പരാമർശവും ഖുറേഷി നടത്തി.

ഇതേതുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായി. സൗദിയുമായുള്ള ബന്ധത്തിന് പാകിസ്ഥാൻ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. അതിനാൽ വിഷയത്തിൽ സർക്കാരിന്റെ മാപ്പപേക്ഷയുമായാണ് ബജ്‌വ സൗദിയിലെത്തിയത്.

സൽമാൻ രാജകുമാരൻ കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകാത്തതിനാൽ ഉപ പ്രതിരോധ മന്ത്രിയും സൽമാന്റെ സഹോദരനുമായ മേജർ ജനറൽ ഫയ്യാദ് അൽ റുവെയ്‌ലിയുമായി ചർച്ച നടത്തി ബജ്‌വ മടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. ബജ്‌വയ്‌ക്കൊപ്പം പാക് ചാര സംഘടന മേധാവിയായ ലഫ്. ജനറൽ ഫയിസ് ഹമീദും ഉണ്ടായിരുന്നു.