kerala-congress

കോട്ടയം: രാജ്യസഭാ തിരഞ്ഞെടുപ്പിലും ഇടതു സർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിലും കേരളകോൺഗ്രസ് ജോസ് ജോസഫ് വിഭാഗങ്ങൾ പരസ്പരം വിപ്പു നൽകുമെന്ന് ഉറപ്പായി. ജോസഫ് വിഭാഗം നൽകുന്ന വിപ്പ് അംഗീകരിക്കില്ലെന്ന് മാത്രമല്ല തനിക്കൊപ്പമുള്ള റോഷി അഗസ്റ്റിനെ കൊണ്ട് ജോസഫ് അടക്കമുള്ള എം.എൽഎമാർക്ക് വിപ്പു നൽകാനുള്ള നീക്കത്തിലാണ് ജോസ് വിഭാഗം. ഇതിന് ബദലായി മോൻസ് ജോസഫ്, ജോസ് വിഭാഗത്തിന് വിപ്പു നൽകും. ഇതോടെ ഒരു പാർട്ടിയുടെ രണ്ട് വിപ്പെന്ന അസാധാരണ സംഭവത്തിന് കേരള നിയമസഭ ഈ മാസം 24ന് സാക്ഷിയാകും.

കോട്ടയത്തു ചേർന്ന ജോസ് വിഭാഗം ഉന്നതാധികാരസമിതി രാജ്യസഭാ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിൽക്കാനും ഇടതു സർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിൽ സമദൂരം പാലിക്കാനും തീരുമാനിച്ചതോടെ വിപ്പ് അധികാര തർക്കം ആന്റിക്ലൈമാക്സിലെത്തി. യു.ഡി.എഫിൽ നിന്ന് പുറത്താവുകയും മറ്റൊരു മുന്നണിയിൽ ഇതുവരെ എത്തിച്ചേരാനും കഴിയാത്ത സാഹചര്യത്തിലാണ് ഇരു മുന്നണിക്കും മുന്നിൽ വാതിൽ തുറന്ന് ആരെയും പിണക്കാതിരിക്കാൻ അവിശ്വാസപ്രമേയത്തെ അനുകൂലിക്കുകയോ എതിർക്കുകയോ വേണ്ടെന്ന അടവു നയത്തിൽ ജോസ് വിഭാഗം എത്തിയത്.

# വാദം 1

കെ എം മാണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റോഷി അഗസ്റ്റിനെ വിപ്പായി തീരുമാനിച്ചതിൽ മാറ്റുണ്ടാകാത്തതിനാൽ ജോസഫ് വിഭാഗം അത് അംഗീകരിക്കേണ്ടി വരുമെന്ന് ജോസ് കെ മാണി പറഞ്ഞു. ഇക്കാര്യം രേഖാ മൂലം മോൻസ് ജോസഫ് നിയമസഭാ സ്പീക്കറെ അറിയിച്ചിരുന്നു. കെ.എം മാണിയുടെ മരണ ശേഷം മോൻസിനെ വിപ്പായി തീരുമാനിച്ചുവെന്ന് ജോസഫ് പറയുന്നതിനെക്കുറിച്ച് അറിയില്ല. നിയമസഭാ രേഖകളിൽ റോഷി അഗസ്റ്റിനാണ് ചീഫ് വിപ്പ്. മോൻസിനെ അവർ വിപ്പായി തിരഞ്ഞെടുത്തതിനെതിരെ സ്പീക്കർക്ക് പരാതി നൽകിയിട്ടുണ്ട്. പാർട്ടി ചിഹ്നം തിരഞ്ഞെടുപ്പ് കമ്മിഷൻ മരവിപ്പിച്ചു. ചെയർമാൻ തർക്ക കേസിലും തീരുമാനമാകാത്തതിനാൽ പി.ജെ.ജോസഫിന്റെ വിപ്പിന് പ്രസക്തിയില്ലെന്നും ജോസ് പറഞ്ഞു .

# വാദം 2

ഭൂരിപക്ഷം എം.എൽഎമാർ തിരഞ്ഞെടുത്ത പാർട്ടി വിപ്പ് മോൻസ് ജോസഫാണ്. രാജ്യസഭാ തിരഞ്ഞെടുപ്പിലും സർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിലും മോൻസ് നൽകുന്ന വിപ്പ് പാലിക്കാതെ നിയമസഭയിൽ നിന്ന് വിട്ടുനിൽക്കുന്നതും വിപ്പ് ലംഘനമാകുമെമെന്ന് പി.ജെ.ജോസഫ് പറഞ്ഞു. അങ്ങനെ ചെയ്താൽ റോഷി, ജയരാജ് എന്നീ എം.എൽഎമാർക്കെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടി എടുക്കുമെന്നും ജോസഫ് വ്യക്തമാക്കി.