who

ജനീവ: ലോകം ഹേർഡ് ഇമ്യൂണിറ്റിയുടെ ( ആർജിത പ്രതിരോധശേഷി) അടുത്തുപോലും എത്തിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന. ഹെർഡ് ഇമ്മ്യൂണിറ്റി നേടുമെന്ന പ്രതീക്ഷയിൽ മുന്നോട്ടു പോകാനാവില്ലെന്നും സംഘടന മുന്നറിയിപ്പ് നൽകി. 'നാം രോഗവ്യാപനം തടയുന്നതിന് ആവശ്യമായ പ്രതിരോധശേഷിയുടെ അടുത്തുപോലും എത്തിയിട്ടില്ല. അതല്ല കൊവിഡിനെതിരായ പരിഹാരം. ഈ പരിഹാരമല്ല നാം തേടിക്കൊണ്ടിരിക്കുന്നതും.' ലോകാരോഗ്യ സംഘടന എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.മൈക്കിൾ റയാൻ പറഞ്ഞു.

ലോകത്ത് 10 മുതൽ 20 ശതമാനം ആളുകളുടെ ശരീരത്തിൽ മാത്രമാണ് കൊവിഡിനെതിരായ ആന്റിബോഡികളുളളതെന്നാണ് ഭൂരിഭാഗം പഠനങ്ങളും സൂചിപ്പിക്കുന്നത്. അതിനാൽതന്നെ ഹേർഡ് ഇമ്യൂണിറ്റിയിലൂടെ കൊവിഡിനെ പ്രതിരോധിക്കാമെന്ന വിശ്വാസത്തിൽ മുന്നോട്ടുപോകാനാകില്ലെന്നും പ്രതിരോധത്തിന് ഫലപ്രദമായ വാക്സിൻ കൂടിയേ മതിയാകൂ എന്നും ഡബ്ല്യു.എച്ച്.ഒ. പറയുന്നു.

ജനസംഖ്യയുടെ 70 ശതമാനം പേർക്കെങ്കിലും രോഗപ്രതിരോധ ശേഷി കൈവരിക്കാനായാൽ മാത്രമേ ഹെർഡ് ഇമ്യൂണിറ്റി നേടിയതായി കണക്കാക്കാൻ സാധിക്കൂ. എന്നാൽ ജനസംഖ്യയുടെ പകുതിയോളം പേർക്ക് രോഗപ്രതിരോധ ശേഷി നേടാനായാൽ അത് ഫലം ചെയ്യുമെന്നും ചില വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നുണ്ട്.