തിരുവനന്തപുരം: വാട്ടർ അതോറിട്ടിയുടെ അക്കൗണ്ടുകൾ സ്വകാര്യ ബാങ്കായ ഐ.സി.ഐ.സി.ഐയിലേക്ക് മാറ്റാനുള്ള നീക്കത്തിൽ നിന്ന് ഒടുവിൽ അതോറിട്ടി പിന്മാറി. പൊതുമേഖലാ ബാങ്കിലായിരുന്നു 1700 കോടിയോളം വരുന്ന രൂപ നിക്ഷേപിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞ വർഷം അക്കൗണ്ട് സ്വകാര്യ ബാങ്കിലേക്ക് മാറ്റാൻ എം.ഡി വെങ്കിടേസപതി, ചീഫ് എൻജിനിയർ (ജനറൽ) തുടങ്ങിയവരുടെ നേതൃത്വത്തിൽ ചേർന്ന വാട്ടർ അതോറിട്ടി യോഗം തീരുമാനിക്കുകയായിരുന്നു. സ്വകാര്യ ബാങ്ക് പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തിരുന്നു. വാട്ടർ അതോറിട്ടി സാമ്പത്തികകാര്യ വിഭാഗത്തിന്റെ എതിർപ്പ് തള്ളിക്കൊണ്ടായിരുന്നു അക്കൗണ്ട് മാറ്റാനുള്ള നീക്കം. ഇതിനെതിരെ ജീവനക്കാരും യൂണിയനുകളും ശക്തമായ എതിർപ്പുമായി രംഗത്തെത്തിയതോടെയാണ് വാട്ടർ അതോറിട്ടി പിന്മാറിയത്.
വെള്ളക്കരം, തദ്ദേശ സ്ഥാപനങ്ങളിലെ ഡെപ്പോസിറ്റ് ജോലികൾ എന്നിവയിൽ നിന്നുൾപ്പെടെ 1700 കോടിയോളം രൂപയാണ് പൊതുമേഖലാ ബാങ്കിലെ നിക്ഷേപം. വെള്ളക്കരം അടയ്ക്കുന്നതിനുള്ള റവന്യു കളക്ഷൻ സെന്ററുകളെ ഐ.സി.ഐ.സി.ഐയുടെ ചുമതലയിൽ കമ്പ്യൂട്ടർ ശൃംഖല വഴി ബന്ധിപ്പിക്കാനും ആലോചിച്ചിരുന്നു. ഇതും ഉപേക്ഷിച്ചിട്ടുണ്ട്. കേരള വാട്ടർ ആൻഡ് സ്വിവറേജ് ആക്ട് അനുസരിച്ച് വാട്ടർ അതോറിട്ടിയുടെ പണം സർക്കാർ ഖജനാവിലോ എസ്.ബി.ഐയിലോ അതുമായി ബന്ധപ്പെട്ട അസോസിയേറ്റ് ബാങ്കുകളിലോ ഷെഡ്യൂൾഡ് ബാങ്കുകളിലോ ആണ് നിക്ഷേപിക്കേണ്ടത്. ആക്ട് രൂപീകരിച്ചപ്പോൾ രാജ്യത്ത് സ്വകാര്യ ബാങ്കുകൾ ഇല്ലാതിരുന്നതിനാൽ ഷെഡ്യൂൾഡ് ബാങ്ക് എന്നുമാത്രമേ ഉൾപ്പെടുത്തിയിരുന്നുള്ളൂ. അന്നത്തെ പൊതുമേഖലാ സ്വകാര്യ ബാങ്കുകളെ ഉദ്ദേശിച്ചുള്ള ഈ പഴുത് ഉപയോഗിച്ചാണ് ഇപ്പോൾ അക്കൗണ്ടുകൾ മാറ്റാനുള്ള നീക്കം നടന്നത്.
24 അക്കൗണ്ടുകൾ
വിവിധ ആവശ്യങ്ങൾക്കായി 24 അക്കൗണ്ടുകളാണ് വാട്ടർ അതോറിട്ടിയുടെ ഹെഡ് ഓഫീസ് കൈകാര്യം ചെയ്യുന്നത്. ഇതിൽ 20 എണ്ണം പൊതുമേഖലാ ബാങ്കിലാണ്. ശേഷിക്കുന്ന നാലെണ്ണം ട്രഷറി അക്കൗണ്ടുകളിലും. നേരത്തെ എല്ലാ പണമിടപാടുകളും ഒറ്റ അക്കൗണ്ടിലാണ് നടത്തിയിരുന്നത്. അത് സാമ്പത്തിക ക്രമക്കേടുകൾക്ക് ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടി കമ്പനി മുൻ അക്കൗണ്ട്‌സ് മെമ്പറും കെ.എസ്.ഇ.ബി ചെയർമാനുമായ എൻ.എസ്. പിള്ളയാണ് വെവ്വേറെ അക്കൗണ്ട് എന്ന രീതി കൊണ്ടുവന്നത്.