മുംബയ്: ആഘോഷങ്ങൾക്കെല്ലാം കൈകഴുകലും സാനിട്ടൈസേഷനും സാമൂഹിക അകലവുമൊക്കെയായി പുതിയ മാനദണ്ഡങ്ങൾ ഏറെയാണ്. അതിനിടെയാണ് വിനായക ചതുർത്ഥിയും എത്തുന്നത്. ഗണേശ വിഗ്രഹങ്ങളുമായി ഘോഷയാത്ര നടത്താനോ കടലിൽ നിമജ്ഞനം ചെയ്യാനോ ഒന്നും ഇപ്പോഴത്തെ അവസ്ഥയിൽ പറ്റില്ല. എന്നാൽ, ഗണേശ വിഗ്രഹത്തിനു മുന്നിൽ പോയി നിന്നാൽ സാനിട്ടൈസർ കിട്ടും. വിനായക ചതുർത്ഥിക്ക് ഇത്തരമൊരു പുതുപുത്തൻ ആശയവുമായി എത്തിയിരിക്കുന്നത് മുംബയിലെ ഗഡ്കാപൂർ ഗ്രാമത്തിലെ പ്രജ്ഞാൽ ആർട്ട് സെന്റർ. ഗണേശ വിഗ്രഹത്തിനുള്ളിൽ സാനിട്ടൈസർ മെഷീൻ ഘടിപ്പിച്ചാണ് കക്ഷി സാനിട്ടൈസർ ഗണപതിയെ ഒരുക്കിയിരിക്കുന്നത്. വിഗ്രഹത്തിന് താഴെ കൈകൾ നീട്ടുമ്പോൾ സാനിട്ടൈസർ കൈകളിലേക്ക് വീഴുന്ന രീതിയിലാണ് നിർമ്മിതി. ഗണപതി ഭഗവാൻ എല്ലാ വിഘ്നങ്ങളും പ്രതിസന്ധികളും പരിഹരിക്കും. ഭഗവാൻ വൈറസിനെ നമ്മിൽ നിന്ന് മാറ്റുമെന്നതിന്റെ പ്രതീകം കൂടിയാണിതെന്നും ആർട്ട് സെന്ററിലെ ജീവനക്കാരൻ രാംദാസ് ചൗധരി പറയുന്നു. നിലവിൽ ഇത്തരത്തിൽ മൂന്നു വിഗ്രഹങ്ങളാണ് ഒരുക്കിയത്. ആവശ്യക്കാർ കൂടിയതോടെ കൂടുതൽ വിഗ്രഹങ്ങൾ നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ് ആർട്ട് സെന്റർ ജീവനക്കാർ. ഓഗസ്റ്റ് 22നാണ് വിനായക ചതുർത്ഥി ആരംഭിക്കുന്നത്.