ലോസ്ആഞ്ചലസ് : മികച്ച ചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരം നേടിയ ' ചാരിയറ്റ്സ് ഒഫ് ഫയർ ' എന്ന ചിത്രത്തിലൂടെ പ്രസിദ്ധനായ നടൻ ബെൻ ക്രോസ് അന്തരിച്ചു. 72 വയസായിരുന്നു. ഓസ്ട്രിയയിലെ വിയന്നയിൽ വച്ചായിരുന്നു അന്ത്യം. ഏറെനാളായി രോഗബാധിതനായിരുന്നു. 1981ൽ പുറത്തിറങ്ങിയ ചാരിയറ്റ്സ് ഒഫ് ഫയറിൽ ഹരോൾഡ് എബ്രഹാം എന്ന ജൂത ഒളിമ്പിക് ഓട്ടക്കാരന്റെ വേഷമാണ് ക്രോസിന്റെ കരിയറിലെ വഴിത്തിരിവായത്. ടി.വി പരമ്പരകളിലും സജീവമായിരുന്ന ക്രോസ് വില്ലൻ വേഷങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.
1995ൽ പുറത്തിറങ്ങിയ ' ഫസ്റ്റ് നൈറ്റ് ( First Knite ) ' എന്ന ചിത്രത്തിൽ ഷോൺ കോണറി, റിച്ചാർഡ് ഗിയർ എന്നിവർക്കെതിരെ വില്ലൻ വേഷത്തിലാണ് ക്രോസ് എത്തിയത്. 1947ൽ ലണ്ടനിൽ ജനിച്ച ക്രോസ് നാടകങ്ങളിലൂടെയാണ് സിനിമാലോകത്തേക്കെത്തിയത്. രണ്ടാം ലോകമഹായുദ്ധത്തെ ആസ്പദമാക്കിയുള്ള ' എ ബ്രിഡ്ജ് ടൂ ഫാർ ' എന്ന ചിത്രത്തിലൂടെ 1977ൽ ആയിരുന്നു അരങ്ങേറ്റം. ഐ ഒഫ് ദ വിൻഡോ, ഹെൽഫയർ, എക്സോർസിസ്‌റ്റ്; ദ ബിഗിന്നിംഗ്, സ്‌റ്റാർ ട്രെക് തുടങ്ങിയവയാണ് ക്രോസിന്റെ മറ്റ് പ്രധാന ചിത്രങ്ങൾ. ക്രോസ് അവസാനം അഭിനയിച്ച ദ ഡെവിൾസ് ലൈറ്റ്, ലാസ്‌റ്റ് ലെറ്റർ ഫ്രം യുവർ ലവർ എന്നീ ചിത്രങ്ങൾ അടുത്ത വർഷം റിലീസ് ചെയ്യും.