തിരുവനന്തപുരം : സര്‍ക്കാര്‍ സ്ഥാപനത്തിന്റെ ഔദ്യോഗിക വാഹനത്തില്‍ പ്രോട്ടോക്കോള്‍ നിയമങ്ങളെ ലംഘിച്ചു കൊണ്ട് വിശുദ്ധ ഖുറാന്‍ കൊണ്ടുപോയതിന് ആരോപണ വിധേയനായ മന്ത്രി കെ ടി ജലീലിന്റെ ന്യായീകരണ വാദങ്ങള്‍ തുടരുന്നു. മന്ത്രിയുടെ വീഴ്ചകള്‍ പ്രതിപക്ഷവും മാദ്ധ്യമങ്ങളും ചൂണ്ടിക്കാട്ടിയെങ്കിലും മാനുഷികവും മതപരവുമായ വശങ്ങളുയര്‍ത്തിപ്പിടിച്ച് പ്രതിരോധിക്കുവാനാണ് മന്ത്രി തുടക്കം മുതല്‍ക്കേ ശ്രമിക്കുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലും മന്ത്രി ഇക്കാര്യങ്ങള്‍ ന്യായീകരിക്കുന്നുണ്ട്. ഇതിനെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ കമന്റ് ചെയ്യാറുമുണ്ട്. അത്തരത്തില്‍ മന്ത്രിയുടെ പോസ്റ്റിന് കമന്റിട്ടയാള്‍ക്ക് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്.
മന്ത്രിയുടെ പോസ്റ്റില്‍ റോബിന്‍ സക്കറിയ എന്നയാള്‍ വിമര്‍ശിച്ചു കൊണ്ട് എഴുതിയ കുറിപ്പിനാണ് മന്ത്രി മറുപടി നല്‍കിയിരിക്കുന്നത്. 'ജലീല്‍ സാഹിബ്, കേരളത്തിലെ മന്ത്രി അല്ലെ. അതും ദൈവം ഇല്ല എന്ന് പറയുന്ന വിശ്വസിക്കുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ. നിങ്ങളുടെ വ്യക്തിപരമായ വിശ്വാസം എന്തുമായിക്കൊള്ളട്ടെ; പക്ഷെ ആദരണീയമായ ഈ സ്ഥാനത്തിരുന്നുകൊണ്ട് ഒരു പ്രത്യേക മത വിഭാഗത്തിന്റെ മത ഗ്രന്ഥം വിതരണം ചെയ്യാന്‍ ആരാണ് നിങ്ങളെ അധികാരപ്പെടുത്തിയത്. അങ്ങിനെയെങ്കില്‍ ക്രിസ്ത്യാനിയായ എന്റെ മത ഗ്രന്ഥമായ വിശുദ്ധ ബൈബിളും നിങ്ങള്‍ പ്രചരിപ്പിക്കേണ്ടിയിരിക്കുന്നു, കാരണം നിങ്ങള്‍ ജനാധിപത്യ രാജ്യത്തെ മന്ത്രിയാണ്.(എല്ലാവര്‍ക്കും തുല്യനീതി)..' ഇങ്ങനെയാണ് റോബിന്‍ മന്ത്രിയുടെ പോസ്റ്റിന് താഴെ കുറിച്ചത്.
എന്നാല്‍ ഇത് ശ്രദ്ധയില്‍ പെട്ടതോടെ മറുപടിയായി മന്ത്രി നല്‍കിയ മറുപടി ഇങ്ങനെ 'ഏത് മതവിഭാഗക്കാരുടെ വേദഗ്രന്ഥങ്ങള്‍ വിതരണം ചെയ്യാന്‍ എന്നെ ഏല്‍പിച്ചാലും ഉത്തരവാദിത്തത്തോടെ ഭംഗിയായി ഞാനത് ചെയ്യും. കാരണം എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന വ്യക്തിയാണ് ഞാന്‍. എന്റെ ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ ശ്രദ്ധിച്ചാല്‍ താങ്കള്‍ക്കത് മനസ്സിലാകും. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച 'മുഖപുസ്തക ചിന്തകള്‍' എന്ന പുസ്തകം നോക്കിയാലും അക്കാര്യം ബോധ്യമാകും.' ജലീല്‍ പറയുന്നു.