കോട്ടയം: മുൻപ് തയ്യാറാക്കി നൽകിയ പൊലീസുകാർക്കിടയിലെ ക്രിമിനലുകളുടെ ലിസ്റ്റ് ആഭ്യന്തര വകുപ്പിലുളളപ്പോൾ അടുത്ത ലിസ്റ്റ് തയാറാക്കാൻ സംസ്ഥാന പൊലീസ് മേധാവിയുടെ നിർദ്ദേശം. ഓരോ ജില്ലയിലെയും പൊലീസ് അധികാരികൾക്കാണ് ലിസ്റ്റ് തയാറാക്കാൻ രഹസ്യ നിർദ്ദേശം നല്കിയിരിക്കുന്നത്. തടി ബിസിനസ്, മണൽ കടത്ത്, ചീട്ടുകളി, ഭീഷണിപ്പെടുത്തി വസ്തു കൈക്കലാക്കൽ തുടങ്ങിയ കേസുകളിൽ ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥരെയാണ് ലിസ്റ്റിൽ ചേർത്തിട്ടുള്ളത്. കോട്ടയത്ത് ഒരു ഡിവൈ.എസ്.പി ഉൾപ്പെടെ 33 ഉദ്യോഗസ്ഥർക്ക് ഇത്തരത്തിൽ ബന്ധമുണ്ടെന്നാണ് റിപ്പോർട്ടിലുളളത്. ഇവർക്കെതിരെ അന്വേഷണം
നടന്നെങ്കിലും ഒരാൾ ഒഴികെ മറ്റുള്ളവർ ഇപ്പോഴും സർവീസിൽ തുടരുന്നുണ്ട്.
മണർകാട്ടെ ഒരു ക്ലബിൽ ചില പൊലീസുകാരുടെ ഒത്താശയോടെയും സഹകരണത്തോടെയും നടന്ന ചീട്ടുകളിയുടെ അന്തർനാടകങ്ങൾ പുറത്തായതോടെയാണ് വീണ്ടും പൊലീസിനുള്ളിലെ ക്രിമിനലുകളെ കണ്ടെത്താൻ ശ്രമം തുടങ്ങിയത്. അടുത്തകാലത്തായി പൊലീസ് ഓഫീസർമാരിൽ ചിലർ രഹസ്യ വിവരങ്ങൾ ചോർത്തി കൊടുക്കുന്നുവെന്നും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി റിപ്പോർട്ട് നൽകിയിട്ടുണ്ട്.ക്ളബിൽ നടത്തിയ റെയ്ഡിൽ 18 ലക്ഷം രൂപയാണ് പിടിച്ചെടുത്തത്. 15 പേരെ അറസ്റ്റ് ചെയ്തു. ചീട്ടുകളിക്കാൻ പണം തീർന്നാൽ കഴുത്തിലെ മാലയോ വാഹനമോ പണയപ്പെടുത്തി പണം നല്കാനുള്ള സംവിധാനങ്ങളും പല ചീട്ടുകളി ക്ളബുകളിലുണ്ട്.
മണർകാട്ടെ ക്ലബിലാവട്ടെ പൊലീസ് റെയ്ഡിനെത്തുമ്പോൾ കൊലക്കേസ് പ്രതികൾ ഉൾപ്പെടെ കുപ്രസിദ്ധ ഗുണ്ടകൾ കാവൽ ഉണ്ടായിരുന്നുവത്രേ. ഡിവൈ.എസ്.പി മാർ ഉൾപ്പെടെയുള്ളവരെ ഭീഷണിപ്പെടുത്തിയ ചരിത്രം ഉള്ളവരാണ് ഇവരിൽ പല ഗുണ്ടകൾക്കും. പൊലീസിലെ ചില ഉദ്യോഗസ്ഥർ ഗുണ്ടകൾക്ക് സഹായം ചെയ്തുകൊടുത്തതിൽ കേസുകളുമുണ്ട്.ഇത്തരം ഓഫീസർമാരെ ഡിപ്പാർട്ടുമെന്റിൽ തുടരാൻ അനുവദിക്കുന്നത് സർക്കാരിന്റെ സൽപേരിന് കളങ്കം ഉണ്ടാക്കുമെന്നതുകൊണ്ടാണ് അത്തരക്കാരുടെ ലിസ്റ്റ് തയാറാക്കുന്നത്.