gokulam-kerala-f-c

കോഴിക്കോട്: ഐ ലീഗ് ക്ളബ് ഗോകുലം കേരള എഫ്.സിയുടെ പുതിയ പരിശീലകനായി ഇറ്റാലിക്കാരൻ വിൻസെൻസോ ആൽബർട്ടോ അന്നിസയെ നിയമിച്ചു. കരീബീയൻ രാജ്യമായ ബെലീസേ സീനിയർ ടീം കോച്ച് സ്ഥാനത്തുനിന്നാണ് 35കാരനായ വിൻസെൻസോ ഗോകുലത്തിലെത്തുന്നത്.

ഇറ്റലി, ഘാന, ഇന്തോനേഷ്യ, ലാത്‌വിയ എന്നീ രാജ്യങ്ങളിലെ വിവിധ ക്ലബ്ബുകളുടെ കോച്ചായിരുന്ന ഇദ്ദേഹം അർമീനിയൻ അണ്ടർ 19 ടീമിനെയും പരിശീലിപ്പിച്ചിട്ടുണ്ട്. ഇറ്റാലിയൻ ഫസ്റ്റ് ഡിവിഷൻ ക്ലബായ വെനെസിയ എഫ്.സി യുടെ മധ്യനിര കളിക്കാരൻ ആയിരുന്ന വിൻസെൻസോ ഇറ്റാലിയൻ തേർഡ് ഡിവിഷൻ ക്ലബായ ആൻഡ്രിയ ബാറ്റ് യംഗിലൂടെയാണ് കോച്ചിംഗ് കരിയർ തുടങ്ങുന്നത്. തുടർന്ന് ലാത്‌വിയ, എസ്റ്റോണിയ, ഘാന, അർമേനിയ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലും പരിശീലകനായി പ്രവർത്തിച്ചു.

"ഗോകുലത്തിന്റെ കോച്ച് ആയി നിയമിച്ചതിൽ അതിയായ സന്തോഷം. കഴിഞ്ഞ സീസണിൽ ക്ലബ് നല്ല പ്രകടനമാണ് കാഴ്ചവെച്ചത്. ഈ വർഷം ഐ ലീഗ് നേടുക ആണ് ലക്ഷ്യം,"

- വിൻസെൻസോ

" ചെറുപ്പക്കാരനാണെങ്കിലും വളരെ അധികം രാജ്യങ്ങളിൽ പ്രവർത്തിച്ച അനുഭവ സമ്പത്ത് വിൻസെൻസോയ്ക്കുണ്ട്. ഈ വർഷം ഇദ്ദേഹത്തിലൂടെ ഗോകുലത്തിന് കൂടുതൽ ട്രോഫികൾ നേടാൻ പറ്റും,"

- ഗോകുലം ഗോപാലൻ

ഗോകുലം കേരള എഫ്.സി ചെയർമാൻ.