koeman-barca-coach

ബാഴ്സലോണ : ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ബയേൺ മ്യൂണിക്കിനോട് 8-2ന് തോറ്റുതൊപ്പിയിട്ട സ്പാനിഷ് ക്ളബ് ബാഴ്സലോണയ്ക്ക് രക്ഷകനായി ഹോളണ്ട് ദേശീയ ടീമിന്റെ പരിശീലകനായ റൊണാൾഡ് കൂമാൻ എത്തി. പുതിയ കോച്ചായി തങ്ങളുടെ മുൻ താരം കൂടിയായ കൂമാനെ ബാഴ്സലോണ ഇന്നലെ ഒൗദ്യോഗികമായി പ്രഖ്യാപിച്ചു.

ക്വിക്കെ സെറ്റിയാനെ പുറത്താക്കിയതിന് പിന്നാലെയാണ് കൂമാനെ നിയമിച്ചത്. ഈ വർഷം ജനുവരിയിൽ വൽവെർദെയ്ക്ക് പകരക്കാരനായി ബാഴ്സലോണയുടെ കോച്ച് സ്ഥാനമേറ്റെടുത്ത സെറ്റിയാന് മെസി ഉൾപ്പടെയുള്ള സൂപ്പർ താരങ്ങളുമായി ഒത്തുപോകാൻ കഴിഞ്ഞിരുന്നില്ല. ലാ ലിഗയിൽ കിരീടം കൈവിട്ടതോടെ മെസി കോച്ചിനെതിരെ പരസ്യമായി പൊട്ടിത്തെറിച്ചിരുന്നു.അടുത്ത വർഷം കൂടി കരാറുണ്ടായിരുന്ന സെറ്റിയാൻ ചാമ്പ്യൻസ് ലീഗ് വരെ തുടരട്ടെ എന്നാണ് ക്ളബ് അധികൃതർ തീരുമാനിച്ചത്. പ്രീ ക്വാർട്ടറിൽ നാപ്പോളിയെ തോൽപ്പിക്കാനായെങ്കിലും ബയേണിനോടിനേറ്റ സമാനതകളില്ലാത്ത പതനം സെറ്റിയാന് പുറത്തേക്കുള്ള വാതിൽ തുറക്കുകയായിരുന്നു.

ബാഴ്സലോണയുടെ മുൻ ഡിഫൻഡർ കൂടിയായ റൊണാൾഡ് കൂമാൻ ലൂയിസ് വാൻ ഗാലിന്റെ സഹായിയായി പരിശീലനത്തിലേക്ക് കടന്നുവന്നതും ബാഴ്സലോണയിലൂടെയായിരുന്നു. 57 കാരനായ കൂമാന് ബാഴ്സലോണ കോച്ചാകാൻ നേരത്തേ താത്പര്യമുണ്ടായിരുന്നു.ഹോളണ്ട് ടീമുമായി കരാർ ഒപ്പിട്ടപ്പോൾതന്നെ ബാഴ്സ വിളിച്ചാൽ പോകാൻ അനുവദിക്കണമെന്ന് വ്യവസ്ഥ വച്ചിരുന്നു. 2016 യൂറോ കപ്പിനും 2018 ലോകകപ്പിനും യോഗ്യത നേടാൻ കഴിയാതിരുന്ന ഹോളണ്ടിനെ 2022 ലോകകപ്പിന് യോഗ്യരാക്കിയത് കൂമാനാണ്.

പൊട്ടിത്തകർന്ന ബാഴ്സലോണ ടീമിനെ വീണ്ടും കെട്ടിപ്പടുക്കുക എന്ന ഭഗീരഥ പ്രയത്നമാണ് കൂമാന് മുന്നിലുള്ളത്. മെസിയടക്കം മൂന്നോ നാലോ താരങ്ങളെ മാത്രമേ ബാഴ്സലോണ നില നിറുത്താൻ സാദ്ധ്യതയുള്ളൂ. ലൂയിസ് സുവാരേസ്,റാക്കിറ്റിച്ച് തുടങ്ങിയ താരങ്ങളെ വിറ്റഴിക്കാനുള്ള ശ്രമം തുടങ്ങി. തനിക്ക് ആവശ്യമുള്ള പുതിയ താരങ്ങളുടെ പട്ടികയുമായാണ് കൂമാൻ ബാഴ്സയിലേക്ക് വരിക.