
ഇസ്ളാമാബാദ് : യു എ ഇയും ഇസ്രായേലും തമ്മിലുള്ള ബന്ധം പിണക്കത്തില്‍ നിന്നും സൗഹൃദത്തിന്റെ വഴിയിലേക്ക് നീങ്ങുമ്പോള്‍ മറ്റുരാജ്യങ്ങളുടെ രാജ്യാന്തര ബന്ധങ്ങളിലും മാറ്റമുണ്ടാവുകയാണ്. പക്ഷേ മിഡില്‍ ഈസ്റ്റിലെ നയതന്ത്ര മാറ്റങ്ങളില്‍ ഇപ്പോള്‍ ഏറ്റവും അസ്വസ്ഥമായിരിക്കുന്നത് ഇന്ത്യയുടെ അയല്‍വാസിയും ഇസ്ളാമിക രാഷ്ട്രവുമായ പാകിസ്ഥാനാണ്. ഇസ്രായേലിനെ അംഗീകരിക്കാത്ത മനസ്ഥിതിയാണ് പാകിസ്ഥാനുള്ളത്. യു എ ഇയുമായുള്ള ഇസ്രായേല്‍ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ പാകിസ്ഥാനും പുനര്‍വിചിന്തനത്തിന് തയ്യാറാകുമോ എന്ന സ്വകാര്യ മാദ്ധ്യമത്തിന്റെ ചോദ്യത്തിന് പാക് പ്രധാനമന്ത്രി നല്‍കിയ മറുപടി ഇപ്രകാരമാണ്.
ചാനല്‍ 'ദുനിയ ടിവി'യില്‍ കഴിഞ്ഞ ദിവസം വന്ന അഭിമുഖത്തിലാണ് ഇമ്രാന്‍ ഖാന്‍ നയം വ്യക്തമാക്കിയിരിക്കുന്നത്. ഇപ്പോഴത്തെ അവസ്ഥയില്‍ ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാനുള്ള സാദ്ധ്യത അദ്ദേഹം തള്ളിക്കളഞ്ഞു. 'ഇസ്രയേലിനെക്കുറിച്ചുള്ള ഞങ്ങളുടെ നയം വ്യക്തമാണ്: പാലസ്തീന്‍ ജനങ്ങള്‍ക്ക് അവകാശങ്ങളും സ്വതന്ത്ര രാഷ്ട്രവും ലഭിക്കുന്നതുവരെ പാകിസ്ഥാന് ഇസ്രായേല്‍ രാഷ്ട്രം അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുഹമ്മദ് അലി ജിന്ന പറഞ്ഞിരുന്നു,' ഈ വാക്കുകള്‍ ഇപ്പോഴും പിന്തുടരുന്നു എന്നാണ് ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയിരിക്കുന്നത്.
പാകിസ്ഥാനും ഇസ്രായേലിനും തമ്മില്‍ നയതന്ത്ര ബന്ധമില്ല, അവരുടെ വിമാനങ്ങള്‍ക്ക് പരസ്പരം ആകാശമേഖല ഉപയോഗിക്കാന്‍ അനുവാദം പോലും നല്‍കിയിട്ടില്ല. പാലസ്തീനെ മറന്ന് ഇസ്രായേലുമായി കൂട്ടുകൂടിയാല്‍ അത് തങ്ങളുടെ കാശ്മീരിനെ ചൊല്ലിയുള്ള അവകാശവാദത്തിന് ക്ഷീണമാകും എന്നാണ് പാകിസ്ഥാന്‍ കരുതുന്നത്. എന്നാല്‍ അറബ് രാഷ്ട്രങ്ങള്‍ നയമാറ്റം നടത്തുമ്പോള്‍ എന്ത് കൊണ്ട് ഇസ്രായേലിനോടുള്ള വിരുദ്ധ നയം പിന്തുടരുന്നതെന്ന ചോദ്യവും പാകിസ്ഥാനില്‍ ഉയരുന്നുണ്ട്. ഇസ്രയേലുമായുള്ള യുഎഇയുടെ ബന്ധത്തെക്കുറിച്ചുള്ള മാദ്ധ്യമ പ്രതിനിധിയുടെ ചോദ്യത്തിന് ഓരോ രാജ്യത്തിനും അതിന്റേതായ വിദേശനയമുണ്ടെന്ന് ഇമ്രാന്‍ പറഞ്ഞൊപ്പിച്ചു.
കാശ്മീര്‍ പ്രശ്നം മൂലം സൗദി അറേബ്യയുമായുള്ള പാകിസ്ഥാന്‍ ബന്ധത്തില്‍ ഉലച്ചില്‍ സംഭവിച്ചിരുന്നു. ഇന്ത്യയുടെ സൗഹൃദത്തെ വിലമതിക്കാനാവാത്തതായി സൗദി കാണുന്നതാണ് പാകിസ്ഥാനെ അലോസരപ്പെടുത്തുന്നത്. ഒന്നിന് പിറകേ ഒന്നായി അറബ് രാഷ്ട്രങ്ങളുമായുള്ള നല്ല ബന്ധം പാകിസ്ഥാന് നഷ്ടമാവുകയാണ്. ചൈനയുമായുള്ള പാകിസ്ഥാന്റെ ബന്ധത്തെയാണ് ഇമ്രാന്‍ ഖാന്‍ ഇപ്പോള്‍ വിലമതിക്കുന്നത്. രാജ്യത്തിന്റെ ഭാവി ചൈനയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും, രാജ്യത്തിന്റെ എല്ലാ വിഷമഘട്ടങ്ങളിലും നിലകൊള്ളുന്നുവെന്നും പറഞ്ഞു. ചൈനീസ് പ്രസിഡന്റ് സിന്‍ ജിന്‍പിംഗ് വരുന്ന ശൈത്യകാലത്ത് പാകിസ്ഥാന്‍ സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പാക്സ്ഥാന്റെ വിദേശനയം തെറ്റായ ദിശയിലാണെന്നാണ് പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നത്.