ന്യൂഡൽഹി : കൊവിഡ് മഹാമാരിയ്ക്കെതിരെ പോരാടാൻ അമേരിക്ക 100 വെന്റിലേറ്ററുകൾ കൂടി ഇന്ത്യയ്ക്ക് കൈമാറി. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇന്ത്യയ്ക്ക് വെന്റിലേറ്ററുകൾ കൈമാറുന്ന വിവരം യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ അറിയിച്ചിരുന്നു. യു.എസ് നിർമിതമായ ഈ വെന്റിലേറ്ററുകൾ ഏറെ കാര്യക്ഷമവും വളരെ വേഗം വിന്യസിക്കാൻ കഴിയുന്നവയുമാണെന്നും വൈറസ് ബാധയെ തുടർന്ന് ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികൾക്ക് ഇവ അത്യന്തം ഉപകരിക്കുമെന്നും യു.എസ് എംബസി അറിയിച്ചു. യു.എസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്മെന്റ് ( യു.എസ്.എ.ഐ.ഡി ) വഴി യു.എസ് സർക്കാർ, ഇന്ത്യൻ സർക്കാരിന്റെയും ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെയും സഹകരണത്തോടെ എത്തിക്കുന്ന രണ്ടാമത്തെ ബാച്ച് വെന്റിലേറ്റർ ആണിത്.
വെന്റിലേറ്ററുകൾ ഇന്ത്യയ്ക്ക് കൈമാറാൻ സാധിച്ചതിൽ തങ്ങൾ സന്തുഷ്ടരാണെന്നും ഇന്ത്യയുടെ കൊവിഡ് പോരാട്ടത്തിന് പിന്തുണ അറിയിച്ചുകൊണ്ട് രോഗചികിത്സയ്ക്ക് ഏറ്റവും അത്യാവശ്യമായ വെന്റിലേറ്ററുകൾ നൽകാനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതിജ്ഞാബദ്ധത നിറവേറ്റിയതായും യു.എസ് അംബാസിഡർ കെന്നത്ത് ജസ്റ്റർ പറഞ്ഞു. വെന്റിലേറ്ററുകൾക്ക് പുറമേ, ഇവ പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ അനുബന്ധ ഘടകങ്ങളായ ട്യൂബ്, ഫിൽട്ടർ തുടങ്ങിയവയ്ക്കുള്ള പ്രത്യേക സഹായ പാക്കേജും നൽകുന്നതായി ജസ്റ്റർ പ്രസ്താവനയിലൂടെ അറിയിച്ചു.
ജൂൺ 14നാണ് യു.എസിൽ നിന്നും 100 വെന്റിലേറ്ററുകൾ അടങ്ങുന്ന ആദ്യ ബാച്ച് ഇന്ത്യയിലെത്തിയത്. ഡൽഹി എയിംസിലെ എട്ടിടങ്ങളിലേക്കാണ് ഈ വെന്റിലേറ്ററുകൾ വിന്യസിച്ചത്. ഇന്ത്യയ്ക്ക് കൈമാറിയിരിക്കുന്ന 200 വെന്റിലേറ്ററുകൾ ആരോഗ്യ മേഖലയിൽ ഇന്ത്യ - യു.എസ് സഹകരണത്തെയും കൊവിഡ് മഹാമാരിയ്ക്കെതിരെ യു.എസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്മെന്റ് ഇന്ത്യയ്ക്ക് നൽകുന്ന പിന്തുണയേയും അടിസ്ഥാമാക്കിയുള്ളതാണെന്ന് യു.എസ് എംബസിയുടെ പ്രസ്താവനയിൽ പറയുന്നു. കൊവിഡ് പ്രതിരോധ നടപടികൾ ശക്തമാക്കാൻ ഇന്ത്യയിൽ ആരോഗ്യപ്രവർത്തകർക്കും യു.എസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്മെന്റ് പ്രത്യേക പരിശീലന പദ്ധതികൾ നടത്തുന്നുണ്ട്.