sachin-

മുംബയ് : വിരമിച്ച് വര്‍ഷങ്ങളായെങ്കിലും ആരാധകരുടെ മനസിന്റെ ക്രീസില്‍ സച്ചിന്‍ ഇപ്പോഴും നിറഞ്ഞ് നില്‍ക്കുകയാണ്. ക്രിക്കറ്റിലെ മര്യാദക്കാരന്‍ ലോകത്തെ എല്ലാ ക്രിക്കറ്റ് പ്രേമികളുടെയും ആരാധനാപാത്രമായത് കളിമികവ് കൊണ്ടും പെരുമാറ്റം കൊണ്ടുമാണ്. ഇപ്പോഴിതാ ആദ്യമായി സച്ചിന്‍ ആരാധകരോട് ഒരു സഹായം അഭ്യര്‍ത്ഥിക്കുകയാണ്. തന്റെ ജീവിതത്തില്‍ ആദ്യമായി വാങ്ങിയ കാര്‍ തിരികെ ലഭിക്കാന്‍ മാര്‍ഗമുണ്ടോ എന്നാണ് സച്ചിന്‍ തിരക്കുന്നത്. ആദ്യമായി സച്ചിന്‍ സ്വന്തമാക്കിയ കാര്‍ ഏതെന്നല്ലേ ഇന്ത്യയുടെ അഭിമാനമായ മാരുതി 800 കാറായിരുന്നു അത്. തന്റെ കാറിനോടുള്ള വൈകാരിക ബന്ധമാണ് ഇപ്പോള്‍ അന്വേഷിച്ചിറങ്ങാന്‍ സച്ചിനെ പ്രേരിപ്പിക്കുന്നത്. ഒരു അഭിമുഖത്തിലാണ് തന്റെ പഴയ കാര്‍ തിരികെ കിട്ടിയാല്‍ കൊള്ളാമെന്ന ചിന്ത സച്ചിന്‍ പങ്കുവച്ചത്. ഇതിനായി ആരാധകരുടെ സഹായവും അദ്ദേഹം തേടിയിട്ടുണ്ട്. 1989ല്‍ ഇന്ത്യക്കായി ടെസ്റ്റ് കളിച്ചു തുടങ്ങിയപ്പോളായിരുന്നു സച്ചിന്‍ മാരുതി 800 സ്വന്തമാക്കിയത്.

'എന്റെ ആദ്യത്തെ കാര്‍ ഒരു മാരുതി 800 ആയിരുന്നു. നിര്‍ഭാഗ്യവശാല്‍ ആ വാഹനം ഇപ്പോള്‍ എന്റെ കൈവശമില്ല. ആ കാര്‍ എനിക്ക് തിരികെ കിട്ടിയാല്‍ കൊള്ളാമെന്നുണ്ട്. ഇപ്പോള്‍ എന്നെ കേള്‍ക്കുന്ന ആര്‍ക്കെങ്കിലും ആ വാഹനത്തെക്കുറിച്ച് എന്തെങ്കിലും സൂചനയുണ്ടെങ്കില്‍ ബന്ധപ്പെടുമല്ലോ' ഇതാണ് അഭിമുഖത്തിലൂടെ സച്ചിന്‍ പറഞ്ഞത്.

ആദ്യ കാറിനെ അന്വേഷിക്കുന്ന സച്ചിന്റെ കൈവശം കാറുകളുടെ ഒരു ശേഖരം തന്നെയുണ്ട്. ഇതില്‍ പലതും അദ്ദേഹത്തിന് ഗിഫ്റ്റായി കിട്ടിയതാണ്. ക്രിക്കറ്റ് ഇതിഹാസം ബ്രാഡ്മാന്റെ സെഞ്ച്വറിക്കൊപ്പം എത്തിയപ്പോള്‍ ഫെരാരി ഒരു സൂപ്പര്‍ കാര്‍ സമ്മാനമായി നല്‍കിയാണ് സച്ചിനെ ആദരിച്ചത്. ബിഎംഡബ്ല്യു ഉള്‍പ്പടെയുള്ള നിരവധി ആഡംബരകാറുകള്‍ സച്ചിന്‍ സ്വന്തമാക്കിയിട്ടുണ്ട്. ബിഎംഡബ്ലിയു ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ് സച്ചിന്‍.