krishnankutty

തിരുവനന്തപുരം: സംസ്ഥാനത്ത് ജലസേചനവും കൃഷിയും സംയോജിപ്പിച്ചുള്ള പ്രവർത്തനങ്ങൾക്കാണ് മുൻതൂക്കം നൽകുന്നതെന്ന് ജലസേചന വകുപ്പ് മന്ത്രി കെ.കൃഷ്‌ണൻകുട്ടി. 23 ലക്ഷം ഹെക്‌ടർ കൃഷിഭൂമിയാണ് കേരളത്തിലുള്ളത്. അതിൽ മൂന്ന് ലക്ഷം ഹെക്‌ടറിൽ മാത്രമേ ജലസേചനം നടക്കുന്നുള്ളൂ. ബാക്കി കൃഷിയിടങ്ങളിൽ കൂടി ജലസേചനം നടത്തിയാലുള്ള വ്യത്യാസം വളരെ വലുതാണ്. ജലസേചനം നടത്താത്ത ഒരു തെങ്ങിൽ നിന്ന് നാൽപ്പത് നാളികേരം കിട്ടുമെങ്കിൽ ജലസേചനം നടത്തിയാൽ 150 നാളികേരം കിട്ടും. നാണ്യവിളകൾ നനയ്ക്കുന്നതിനെപ്പറ്റിയുള്ള ആലോചനയേ സംസ്ഥാനത്തില്ല. അത് മാറ്റിയെടുക്കുന്നതിനുള്ള യജ്ഞത്തിനാണ് സർക്കാർ തുടക്കമിടുന്നത്. എല്ലാ കൃഷിഭൂമിയിലേക്കും ജലമെത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. കെ. കൃഷ്‌ണൻകുട്ടി 'ഫ്ളാഷി'നോട് സംസാരിക്കുന്നു..

20 കോടിയുടെ പരീക്ഷണം

കൃഷി ഭൂമിയിൽ ജലമെത്തിക്കാൻ പരീക്ഷണാടിസ്ഥാനത്തിൽ 20 കോടി രൂപയുടെ ഒരു മൈക്രോ ഇറിഗേഷൻ പ്രോജക്‌ടാണ് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്ത് നടപ്പാക്കാൻ പോകുന്നത്. 14 ജില്ലകളിലും ഇത് നടപ്പാക്കും. ടെൻഡർ നടപടി ഏതാണ്ട് പൂർത്തിയായി. ഇതുവഴി ഓരോ കൃഷിക്കാരന്റെയും ചെടിയുടെ ചുവട്ടിലേക്ക് വെള്ളമെത്തും. ഏറ്റവും വരൾച്ചയുള്ള പ്രദേശങ്ങൾക്കായിരിക്കും മുൻതൂക്കം. കാപ്പി, ഏലം, കുരുമുളക് തുടങ്ങിയവയൊന്നും ഇപ്പോൾ നനയ്‌ക്കുന്നില്ല. അത് നനച്ചാലുണ്ടാകുന്ന മാറ്റം വളരെ വലുതായിരിക്കും. മലമ്പുഴയിൽ 25,000ൽ 15,000 ഹെക്‌ടറിൽ മാത്രമാണ് കൃഷി നടക്കുന്നത്. അവിടെ 3000 ഹെക്‌ടറിൽ കൂടി ജലസേചനം നടത്തി കൃഷി ആരംഭിക്കും. ഇടുക്കി ഡാമിന്റെ പരിസരത്തും ഇതിനുള്ള ശ്രമം ആരംഭിക്കും. ഡാമുകളിൽ വൈദ്യുതി ഉത്പാദന കേന്ദ്രങ്ങളിലെ വെള്ളം കൃഷിക്കായി ഉപയോഗിക്കും. ഇക്കാര്യം തത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. ആറ് മാസത്തിനകം പരീക്ഷണാടിസ്ഥാനത്തിലുള്ള കമ്മ്യൂണിറ്റി ഇറിഗേഷൻ പൂർത്തിയാക്കും.

20 ലക്ഷം കണക്ഷനുകൾ

ജൽജീവൻ മിഷൻ പദ്ധതി അതിവേഗം നടപ്പാക്കാനുള്ള നീക്കമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിൽ 86 ലക്ഷം വീടുകളാണ് ആകെയുള്ളത്. അതിൽ 22 ലക്ഷം വീടുകളിൽ മാത്രമേ പൈപ്പ് കണക്ഷനുള്ളൂ. വളരെ പുരോഗതിയുണ്ടെന്ന് പറയുന്ന കേരളത്തിന്റെ അവസ്ഥയാണിത്. ഈ സർക്കാർ വന്ന ശേഷമാണ് എട്ട് ലക്ഷം പൈപ്പ് കണക്ഷനുകൾ നൽകിയത്. വരുന്ന നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് 20 ലക്ഷം കണക്ഷനുകൾ കൊടുക്കാനാണ് സർക്കാർ പദ്ധതി. അതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി. 6,375 കോടി രൂപയുടെ അനുമതി നൽകിക്കഴിഞ്ഞു. കുറച്ച് ദിവസത്തിനകം ടെൻഡർ ആരംഭിക്കും. പതിനഞ്ച് ശതമാനം പഞ്ചായത്തിന്റെ വിഹിതവും പത്ത് ശതമാനം ഉപഭോക്താവിന്റെ വിഹിതവുമായിരിക്കും. വീണ്ടും കുറച്ച് പണം ബുദ്ധിമുട്ടായുണ്ട്. അത് എം.എൽ.എ ഫണ്ടുകളിൽ നിന്ന് കണ്ടെത്താനാണ് ശ്രമം.

വിട്ടുവീഴ്ചയ്ക്ക് തയാർ

ജനതാദൾ എസും ലോക് താന്ത്രിക് ജനതാദളും തമ്മിലുള്ള ലയന ചർച്ച യാതൊന്നും ആയിട്ടില്ല. രണ്ട് കൂട്ടരും യോജിക്കണമെന്ന തീരുമാനമെടുത്തിട്ടുണ്ട്. തീരുമാനം അറിയിക്കാമെന്ന് പറഞ്ഞ ലോക് താന്ത്രിക് ജനതാദൾ പിന്നീട് ഒന്നും പറഞ്ഞിട്ടില്ല. രാജ്യസഭാ സീറ്റ് കിട്ടിയ ശേഷം അവർ ചർച്ചയ്‌ക്ക് മുതിർന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഇനി അവരുടെ ഉദ്ദേശം എന്താണെന്ന് അറിയില്ല. സ്ഥാനമാനങ്ങളെപ്പറ്റി ഞങ്ങൾക്ക് ഒരു ആശങ്കയുമില്ല. എന്തു വിട്ടുവീഴ്‌ചയ്ക്കും പാർട്ടി തയാറാണ്. ശ്രേയാംസ് കുമാർ ഉൾപ്പെടെ ആർക്കും ഏത് സ്ഥാനം വേണമെങ്കിലും വിട്ടുനൽകാം. എം.എൽ.എമാരുള്ള ഒരു ദേശീയ പാർട്ടിയാണ് ജനതാദൾ എസ്. ഞങ്ങൾക്ക് രാജ്യസഭാ സീറ്റ് ഇതുവരെ കിട്ടിയിട്ടില്ല. എന്നാൽ എം.എൽ.എമാരൊന്നും ഇല്ലാത്ത ലോക് താന്ത്രിക് ജനതാദളിന് സീറ്റ് നൽകി. പാർട്ടിയ്ക്കകത്ത് ഇതേപ്പറ്റി ചർച്ചകളുണ്ടായി. യോജിച്ച് പോകുമ്പോൾ അങ്ങനെയൊരു ചർച്ചയൊന്നും വേണ്ടെന്നാണ് പാർട്ടി തീരുമാനമെടുത്തത്. യോജിക്കുമെന്നുള്ളത് കൊണ്ടാണ് ഞങ്ങൾ ഒരു ഡിമാൻഡും പറയാൻ പോകാത്തത്.

കണ്ണിൽ പൊടിയിടാൻ

കൊവിഡ് കാലത്ത് നമ്മൾ ആദരിച്ചതും അംഗീകരിച്ചതും ആരോഗ്യപ്രവർത്തകരേയും പൊലീസുകാരെയുമാണ്. എന്നാൽ കൊവിഡ് കാലത്തും പാടത്തിറങ്ങി പണിയെടുത്ത് മൂന്ന് നേരം ആഹാരം തന്ന കർഷകരെ ആരും ഓർത്തില്ല. 130 കോടി ജനങ്ങളെയും തീറ്റിപോറ്റിയ കർഷകനെപ്പറ്റി ഒരു സർക്കാരും ഒന്നും മിണ്ടിയില്ല. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക പാക്കേജ് കർഷകരുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി മാത്രമുള്ളതാണ്. അവന്റെ കയ്യിൽ പണമെത്തുന്ന ഒന്നും പാക്കേജിലില്ല.

പ്രതിപക്ഷം അതൊക്കെ ചെയ്യും

തിരഞ്ഞെടുപ്പുകൾ വരുന്നത് കൊണ്ടാണ് സർക്കാരിനെതിരെ പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നത്. ഇത്രയും നല്ല കാര്യങ്ങൾ ചെയ്‌ത ഒരു സർക്കാർ കഴിഞ്ഞ 40 കൊല്ലത്തിനിടെ കേരളം കണ്ടിട്ടില്ല. സംസ്ഥാനത്തെ ഭൂരിപക്ഷം സ്‌കൂളുകളും ഹൈടെക്കായി. ഊട്ടിയിൽ പോയി പഠിക്കുന്ന ഒരു കുട്ടിയുടെ അതേ നിലവാരം തന്നെയാണ് ഇവിടെ സർക്കാർ സ്‌കൂളിൽ പഠിക്കുന്ന കുട്ടിക്കുമുള്ളത്. അഞ്ചാം ക്ലാസിൽ പഠിക്കുന്ന കുട്ടി ഇംഗ്ലീഷ് സംസാരിക്കാൻ തുടങ്ങിയതും ഏഴാം ക്ലാസിൽ പഠിക്കുന്ന കുട്ടി ഹിന്ദി സംസാരിക്കാൻ തുടങ്ങിയതും പിണറായി സർക്കാരിന്റെ നേട്ടമാണ്. ഒരു ഡോക്‌ടർ രാവിലെ വന്ന് പന്ത്രണ്ട് മണിയ്ക്ക് പോകുമായിരുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ ഇന്ന് വൈകുന്നേരം ആറ് മണിവരെ മൂന്ന് ഡോക്‌ടർമാരുമായി പ്രവർത്തിക്കുകയാണ്. ഇതെല്ലാം ഇങ്ങനെ പോയാൽ പ്രതിപക്ഷത്തിനാണ് ദോഷം. ഇതൊക്കെ ഇല്ലാതാക്കാൻ വേണ്ടിയാണ് വിവാദങ്ങൾ ഉണ്ടാക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവാദങ്ങൾ പൊലിപ്പിക്കുക എന്നത് പ്രതിപക്ഷത്തിന്റെ ജോലിയാണ്. അവരത് ചെയ്യും.

പാർട്ടി പറഞ്ഞാലും ആലോചിക്കും

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെപ്പറ്റി ഞാൻ തീരുമാനിച്ചിട്ടില്ല. നമ്മുടെ കാലത്ത് എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹം മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ. പാർട്ടി പറഞ്ഞാലും മത്സരിക്കുന്ന കാര്യം ആലോചിക്കേണ്ടിയിരിക്കുന്നു. എപ്പോഴും മത്സരിച്ചുകൊണ്ടേയിരിക്കണം എന്നൊന്നും എനിക്ക് ആഗ്രഹമില്ല.