തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വൈറസ് രൂക്ഷമാകുന്ന സാഹചര്യത്തിൽ ഓണാഘോഷം വീടുകളിൽ മാത്രമായി പരിമിതപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തപ്പൂക്കളമിടാൻ പരിസര പ്രദേശങ്ങളിലെ പൂക്കൾ ഉപയോഗിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ജില്ലാ കളക്ടർമാരുടെയും ജില്ലാ പൊലീസ് മേധാവികളുടെയും ഡി.എം.ഒമാരുടെയും യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.
ഓണ നാളുകളിൽ അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന സാധനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താൻ സംസ്ഥാന അതിർത്തി ചെക്ക് പോസ്റ്റുകളിൽ കൂടുതൽ ജാഗ്രത പാലിക്കണം.പൂക്കളമൊരുക്കാൻ അതതു പ്രദേശത്തെ പൂക്കൾ ഉപയോഗിക്കുന്ന നിലയുണ്ടാകണം. പുറത്തു നിന്നു കൊണ്ടുവരുന്ന പൂക്കൾ രോഗവ്യാപന സാധ്യത വർധിപ്പിക്കുമെന്നതിനാലാണിത്. പൊതുസ്ഥലങ്ങളിൽ ആഘോഷം അനുവദിക്കരുത്. വാർഡുതല സമിതിയെ സജീവമാക്കാൻ ജനമൈത്രി പൊലീസിന്റെ ഇടപെടലുണ്ടാകണം. സംസ്ഥാന അതിർത്തിയിൽ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണാധികാരികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോണ്ഫറൻസ് വഴി സംസാരിച്ചത്. രോഗവ്യാപനം തടയാൻ കഠിന ശ്രമം നടത്തുകയാണ്. ഈ ഘട്ടത്തിൽ രോഗത്തെ നിസാരവൽക്കരിക്കുന്ന ചിലരുണ്ട്. രോഗത്തെ അതിന്റെ വഴിക്കുവിടാമെന്ന സമീപനം ഒരിക്കലും പാടില്ല. സ്ഥിതി വഷളാക്കാൻ നോക്കുന്നവരുമുണ്ട്. അത്തരക്കാരുടെ മുന്നിൽ നിസഹായരായിരിക്കരുത്. രോഗവ്യാപനം തടഞ്ഞ് ജീവൻ രക്ഷിക്കുകയെന്നതാണ് നമ്മുടെ മുന്നിലുള്ള ലക്ഷ്യം. രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് എന്തുകൊണ്ട് എന്നത് ഓരോ പ്രദേശത്തിൻറെയും പ്രത്യേകത എടുത്ത് പരിശോധിക്കണം. വാർഡുതല സമിതികൾ ഫലപ്രദമായി പ്രവർത്തിപ്പിക്കണം. പ്രവർത്തനം പിറകോട്ടുള്ള വാർഡുകളുടെ കാര്യം പ്രത്യേകമായി പരിശോധിച്ച് പ്രവർത്തനസജ്ജമാക്കണമെന്നും മുഖ്യമന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടു.