കൊല്‍ക്കത്ത : ജാര്‍ഖണ്ഡുമായി അതിര്‍ത്തി പങ്കിടുന്ന പശ്ചിമ ബംഗാള്‍ ഗ്രാമത്തില്‍ രാജ്യത്ത് കേട്ടു കേള്‍വിയില്ലാത്ത നിയന്ത്രണങ്ങള്‍. ജനങ്ങളെ നല്ല വഴിയില്‍ നയിക്കാനെന്ന പേരില്‍ ടിവി കാണലും പാട്ട് കേള്‍ക്കലുമടക്കമുള്ള വിനോദ ഉപാധികള്‍ വിലക്കിയിരിക്കുകയാണ്. മുര്‍ഷിദാബാദ് ജില്ലയിലെ ന്യൂനപക്ഷ ആധിപത്യമുള്ള ഗ്രാമമായ അദ്വൈത നഗര്‍ ഗ്രാമത്തിലാണ് ഈ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഈ മാസം ഒന്‍പത് മുതല്‍ നിലവില്‍ വന്ന നിയന്ത്രണങ്ങള്‍ ഗ്രാമ മുഖ്യന്റെ പേരിലാണ് നടപ്പിലാക്കുന്നത്. ഇതിനായി സാമൂഹിക പരിഷ്‌കരണ സമിതിയും രൂപീകരിച്ചിട്ടുണ്ട്. ഗ്രാമത്തിലെമ്പാടും നോട്ടീസുകള്‍ പതിപ്പിച്ചാണ് വിലക്ക് ഏര്‍പ്പെടുത്തിയത് ജനത്തെ അറിയിച്ചിരിക്കുന്നത്. തൃണമൂല്‍ പാര്‍ട്ടിക്ക് ആധിപത്യമുള്ള ഗ്രാമത്തില്‍ 12000 ആളുകളാണ് താമസിക്കുന്നത്.
ഗ്രാമവാസികളെ ടെലിവിഷന്‍ കാണല്‍, കാരംസ് കളിക്കുക, ലോട്ടറി വാങ്ങുക, മൊബൈലുകളും കമ്പ്യൂട്ടറുകളും ഉപയോഗിച്ച് സംഗീതം കേള്‍ക്കല്‍ എന്നീ പ്രവര്‍ത്തികള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. വിലക്ക് ലംഘിക്കുന്നവരില്‍ നിന്നും 500 മുതല്‍ 7,000 രൂപ വരെ പിഴ ഈടാക്കും.
യുവതലമുറ ധാര്‍മ്മികവും സാംസ്‌കാരികവുമായ തകര്‍ച്ചയിലേക്ക് നയിക്കുന്ന രീതികള്‍ സ്വീകരിക്കുന്നതില്‍ നിന്ന് തടയുന്നതിനായിട്ടാണ് ഈ വിലക്കുകള്‍ ഏര്‍പ്പെടുത്തുന്നത് എന്നാണ്
സാമൂഹ്യ പരിഷ്‌കരണ സമിതി അറിയിച്ചിരിക്കുന്നത്. മത സംസ്‌കാരത്തിന് ചേരാത്ത സിനിമകളും സീരിയലുകളും കാണാന്‍ ജനത്തെ അനുവദിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല, എന്നാണ് സാമൂഹിക പരിഷ്‌കരണ സമിതി സെക്രട്ടറി അസ്ഹറുല്‍ ഷെയ്ക്ക് അഭിപ്രായപ്പെട്ടത്.
കാരംസ് കളിച്ചതിന് പിടിക്കപ്പെട്ടാല്‍ 500 രൂപ നല്‍കേണ്ടിവരും, ലോട്ടറി വാങ്ങുകയാണെങ്കില്‍ പിഴ തുക 2,000 രൂപയാണ്. എന്നാല്‍ മദ്യം വില്‍ക്കുന്നവര്‍ക്ക് പിഴ 7,000 രൂപയാണ്. ഇതോടൊപ്പം ഈ വിവരം സമിതിയെ അറിയിക്കുന്നവര്‍ക്ക് പാരിതോഷികവും നല്‍കും. സാമൂഹിക പരിഷ്‌കരണ സമിതിയുടെ പേരിലുള്ള ഈ വിലക്കിന് പ്രാദേശിക തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണയുമുണ്ട് എന്നതാണ് ഏറെ വിചിത്രകരം. ഫത്വയില്‍ ഒരു തെറ്റുമില്ലെന്നാണ് പഞ്ചായത്ത് പ്രധാന്‍ അബ്ദുര്‍ റൗളഫ് അഭിപ്രായപ്പെടുന്നത്.