onam

തിരുവനന്തപുരം: അനന്തപുരിയുടെ വീഥികളെ വർണാഭമാക്കുന്ന ഘോഷയാത്ര ഉണ്ടാവില്ല. ഇന്ത്യ

യുടേയും കേരളത്തിന്റെയും വൈവിദ്ധ്യമാർന്ന കലാസാംസ്‌കാരിക തനിമ വിളിച്ചോതുന്ന നിശ്ചല ദൃശ്യങ്ങളും കലാരൂപങ്ങളും ഉണ്ടാവില്ല,​ ഒരാഴ്ചച നീളുന്ന ആഘോഷവും ഉണ്ടാവില്ല. അങ്ങനെ ഓണാഘോഷ നാളിൽ വെള്ളയമ്പലം മുതൽ കിഴക്കേകോട്ട വരെ നീളുന്ന വീഥി ദൃശ്യചാരുതയും വർണപ്പൊലിമയും ഇല്ലാതെ ഇത്തവണ ആളൊഴിയും. എല്ലാത്തിനും കാരണക്കാരൻ കൊവിഡ് എന്ന ചെറിയൊരു വൈറസാണ്. ടൂറിസം വകുപ്പ് ഓണാഘോഷം വേണ്ടെന്ന് വച്ചതോടെ നഗരത്തിലെ 29 വേദികളിലായി അയ്യായിരത്തോളം കലാകാരന്മാരുടെ ആധുനിക കലകളും സംഗീത- ദൃശ്യ വിരുന്നുകളുമായി ഉത്സവലഹരിയാലാകേണ്ട തലസ്ഥാനം ഇത്തവണ കൊവി‌ഡ് ഭീതിയുടെ കരിനിഴലിൽ വിറങ്ങലിച്ചുനിൽക്കും.

കനകക്കുന്നിലെ ആഘോഷങ്ങൾക്കും നിയന്ത്രണമുണ്ടാകും. അവിടത്തെ കൂറ്റൻ മരങ്ങളിലെ ഊഞ്ഞാലിൽ ഇരുന്ന് ആടാൻ മുതിർന്നവരും കുട്ടികളും എത്തില്ല. വെള്ളയമ്പലം മുതൽ പാളയം വരെ നീളുന്ന പാത വൈദ്യുത ദീപാലങ്കാരങ്ങളില്ലാതെ തെരുവ് വിളക്കിന്റെ മങ്ങിയ വെട്ടത്തിൽ പതിവുപോലെ ആയിരിക്കും. ഓണത്തോട് അനുബന്ധിച്ച് കനകക്കുന്നിൽ സംഘടിപ്പിക്കാറുള്ള ട്രേഡ് ഫെയറുകളും ഇത്തവണ ഉണ്ടാവില്ല.

കനകക്കുന്നിനെ കൂടാതെ മ്യൂസിയം,​ ശംഖുംമുഖം,​ വേളി,​ പൂജപ്പുര മൈതാനം,​ കവടിയാർ തുടങ്ങിയവയാണ് നഗരത്തിലെ പ്രധാന ഓണാഘോഷ കേന്ദ്രങ്ങൾ. കടലെടുത്ത ശംഖുംമുഖത്ത് ഇപ്പോൾ തന്നെ സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. നവീകരണ പ്രവർത്തനങ്ങൾ നടക്കാനിരിക്കുന്നതേയുള്ളൂ. ഓണക്കാലത്ത് അത് തീരുകയുമില്ല. തീരത്തിന് സമീപത്തുള്ള റോഡ് കടലെടുത്ത് കാൽനട യാത്രപോലും അസാദ്ധ്യമായ നിലയിലാണ്. ഓണത്തിന് ഒരാഴ്ച മുമ്പുതന്നെ സാധാരണ നഗരം തിരക്കിലമരും. എന്നാൽ കൊ വിഡ് ഭീതിയിൽ ഇക്കുറി അത്തരം കാഴ്ചകളൊന്നുമുണ്ടാവില്ല. കൊവിഡിന്റെ ഹോട്ട് സ്‌പോട്ടായി മാറിയ അനന്തപുരി ഇപ്പോൾ ഭയത്തിന്റെയും ആശങ്കയുടെയും നടുവിലാണ്. അതിൽ നിന്നൊക്കെ എന്നു കരകയറുമെന്ന് ആർക്കും ഒരു തിട്ടവുമില്ല.

2018ലും 19ലും പ്രളയം ഓണത്തിന് വില്ലനായി മാറിയിരുന്നു. കഴിഞ്ഞവർഷം പ്രളയമുണ്ടായെങ്കിലും പക്ഷേ,​ ഓണം വൈകിയെത്തിയതിനാൽ ഓണാഘോഷം സർക്കാർ ഒഴിവാക്കിയില്ല. 2018ൽ അതല്ലായിരുന്നു സ്ഥിതി. ആഘോഷങ്ങളെല്ലാം വേണ്ടെന്ന് വച്ചു. ജനങ്ങൾ ആശങ്കാകുലരാണെങ്കിലും ഇപ്പോൾ നഗരത്തിൽ ഇറങ്ങുന്നുണ്ട്. എന്നാൽ,​ ഓണം അടുക്കുന്നതോടെ അധികൃതർ നിയന്ത്രണങ്ങൾ കർശനമാക്കുമ്പോൾ എല്ലാവരും വീട്ടിനുള്ളിൽ അടച്ചിരുന്ന് ഓണം ആഘോഷിക്കാവും ശ്രമിക്കുക.