zinaida-kononova-

മോസ്കോ : ഡോക്ടർമാർ മരിച്ചെന്ന് വിധിയെഴുതി ഒരു രാത്രി മോർച്ചറിയിൽ കഴിഞ്ഞ വൃദ്ധ അത്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങിയെത്തി. റഷ്യയിലെ ഗോർഷെകെൻസ്കി സെൻട്രൽ ഡിസ്ട്രിക്ട് ആശുപത്രിയിൽ ഓഗസ്റ്റ് 14നാണ് കുടലിലെ മുഴ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയെ തുടർന്ന് 81 കാരിയായ സിനൈദ കൊനോനോവ എന്ന വൃദ്ധ മരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചത്. പുലർച്ചെ 1.10 ഓടെ സിനൈദയെ മോർച്ചറിയിലേക്ക് മാറ്റി. പക്ഷേ, ഏഴ് മണിക്കൂർ കഴിഞ്ഞപ്പോൾ കഥമാറി. രാവിലെ 8 മണിയോടെ മോർച്ചറിയിലേക്കെത്തിയ വനിതാ ജീവനക്കാരി ഞെട്ടിത്തരിച്ചു. മണിക്കൂറുകൾക്ക് മുമ്പ് ' മരണപ്പെട്ട ' സിനൈദ മുത്തശ്ശി നിലത്ത് കിടക്കുന്നു. ! തന്നെ കിടത്തിയിരുന്ന ടേബിളിൽ നിന്നും എഴുന്നേറ്റ് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സിനൈദ താഴെ വീഴുകയായിരുന്നു.

ജീവനക്കാരിയുടെ നിലവിളി കേട്ട് ഒരു ആംബുലൻസ് ഡ്രൈവറാണ് ഇവിടേക്ക് ആദ്യം ഓടിയെത്തിയത്. ഇതിനിടെ സിനൈദ മോർച്ചറി ജീവനക്കാരിയുടെ കൈയ്യിൽപ്പിടിച്ച് സഹായത്തിന് അഭ്യർത്ഥിക്കുകയും ചെയ്തു. ഉടൻ തന്നെ സിനൈദയെ അധികൃതർ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇതോടെ സിനൈദ മരിച്ചിട്ടില്ലെന്ന വിവരം ആശുപത്രി അധികൃതർ സിനൈദയുടെ ബന്ധുക്കളെ അറിയിക്കുകയും ചെയ്തു. വിവരമറിഞ്ഞ ബന്ധുക്കളും എന്താണ് സംഭവിക്കുന്നതെന്നറിയാതെ സ്തംഭിച്ച് പോയി.

ഏതായാലും ബോധം തെളിഞ്ഞ സിനൈദയ്ക്ക് ആദ്യം ബന്ധുക്കളെ ആരെയും ഓർമ വന്നില്ല. ശസ്ത്രക്രിയ നടന്ന കാര്യവും അറിഞ്ഞിരുന്നില്ല. പക്ഷേ, തന്റെ കാൽമുട്ടിലെ വേദനയെ പറ്റി ഡോക്ടർമാരോട് പറഞ്ഞു. ക്ലിനിക്കൽ ഡെത്ത് സംഭവിച്ചതായി അറിയിച്ച് ഒരു മണിക്കൂറും 20 മിനിട്ടും കഴിഞ്ഞാണ് ഡോക്ടർമാർ സിനൈദയെ മോർച്ചറിയിലേക്ക് മാറ്റിയത്. എന്നാൽ രണ്ട് മണിക്കൂറിന് ശേഷമേ ഇങ്ങനെ മാറ്റാവൂ എന്നാണ് നിയമം അനുശാസിക്കുന്നതെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ഏതായാലും സിനൈദയെ തുടർ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തിൽ അന്വേഷണം ആരംഭിക്കുകയും ആശുപത്രിയിലെ ചീഫ് ഡോക്ടറെ സസ്പെന്റ് ചെയ്യുകയും ചെയ്തു. അനസ്തേറ്റിസ്റ്റിന്റെയും മറ്റൊരു ഡോക്ടറുടെയും കൈയ്യിലെ വീഴ്ചയാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ആശുപത്രിയ്ക്കെതിരെ നിയമനടപടികൾക്കൊരുങ്ങുകയാണ് സിനൈദയുടെ ബന്ധുക്കൾ.