കാസർകോട്: ഓളപ്പരപ്പിലെ പാട്ടുകുടുംബമാണ് പ്രദീപ് ജാക്കിയുടേത്. മത്സ്യബന്ധനത്തിനിടെ കടലമ്മയുടെ തലോടലേറ്റിളകുന്ന തന്റെ ചെറുബോട്ടിലിരുന്ന് കുടുംബത്തോടൊപ്പം പ്രദീപ് ജാക്കി എന്ന നാല്പത്തിയഞ്ചുകാരൻ പാടുന്ന പാട്ടുകൾക്ക് കരയിലും ഇപ്പോൾ ആരാധകരേറെയാണ്. വലയെറിഞ്ഞ ശേഷം ബോട്ടിലെ മൈക്കിലൂടെ പ്രദീപ് പാടുമ്പോൾ മൂത്തമകൾ മാളവികയും ഇളയവൻ അലനും താളമിടും. തുടർന്ന് ഓളപ്പരപ്പിനെ സാക്ഷിയാക്കി മാളവികയും അലനും പാടുമ്പോൾ ശ്രോതാക്കളായി മറ്റുവള്ളക്കാർ ഒപ്പമെത്തും. പ്രദീപിന്റെ ബോട്ടിൽ മൈക്ക് സെറ്രും കരോക്കെയുമൊക്കെ എപ്പോഴുമുണ്ടാകും. ഉൾക്കടലിൽ പോകുമ്പോൾ മാത്രമേ പ്രദീപ് കുടുംബത്തെ ഒഴിവാക്കൂ.
തുരുത്തി ഓർക്കുളത്തെ പ്രദീപിന്റെ ഈ പതിവിന് മുപ്പത് വർഷത്തോളം പഴക്കമുണ്ട്. പക്ഷേ പ്രദീപിന്റെ പാട്ട് ചിത്രീകരിച്ച് അലൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ കടലിന്റെ ഗായകനെ നാട് തിരിച്ചറിഞ്ഞു. പ്രദീപ് പാടിയ 'പാലോം പാലോം" എന്ന പാട്ട് 20 ലക്ഷം പേരാണ് കേട്ടത്. തുടർന്ന് വിദേശത്ത് പാടാൻ അവസരങ്ങളുണ്ടായെങ്കിലും കൊവിഡ് എല്ലാം നഷ്ടപ്പെടുത്തി. ട്രോളിംഗായപ്പോൾ ബോട്ടിൽ കുടുംബത്തോടൊപ്പം സമീപത്തെ പുഴയിലേക്കിറങ്ങും.
അമ്മയുടെയും സഹോദരങ്ങളുടെയും പാട്ട് കേട്ട് 15ാം വയസു മുതലാണ് പ്രദീപ് പാടാൻ തുടങ്ങിയത്. ഭാര്യ കെ.വി. രേഖയും പത്താം ക്ലാസിൽ പഠിക്കുന്ന മകൻ ആദിത്യനും പാടില്ലെങ്കിലും താളം പിടിച്ച് ആവേശം പകരും. കാലം തെളിഞ്ഞാൽ വിദേശത്ത് പാട്ടുപാടാൻ പോകാനും പദ്ധതിയുണ്ട്. മത്സ്യം വാങ്ങാനെത്തുന്നവർക്ക് പ്രദീപിന്റെ ഒരു പാട്ട് സൗജന്യമാണ്.
ഓൺലൈനിൽ ഗാനമേള ട്രൂപ്പ്
പ്രദീപിന്റെ പാട്ടുകൾ ജനങ്ങളേറ്റെടുത്തതോടെ നാട്ടിലെ ഗായകരെ പ്രോത്സാഹിപ്പിക്കാൻ 'മണിച്ചേട്ടൻ -ബാലഭാസ്‌കർ" എന്ന പേരിൽ വാട്സ്ആപ് കൂട്ടായ്മയുണ്ടാക്കി എല്ലാവർക്കും ഓൺലൈനിലൂടെ ലൈവായി പാടാനും പ്രദീപ് അവസരം ഒരുക്കി. നൂറോളം ഗായകരാണ് ഇപ്പോൾ കൂട്ടായ്മയിലുള്ളത്.
'മീൻ വിൽക്കുമ്പോഴും പിടിക്കാൻ പോകുമ്പോഴും താളത്തോടെ പാട്ടുപാടുന്നത് എല്ലാവർക്കും ഇഷ്ടമുള്ളമാണ്. കൂടെയുള്ളവർ പ്രോത്സാഹിപ്പിക്കും".
- പ്രദീപ് ജാക്കി