v

കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തെ ആദ്യപാദമായ ഏപ്രിൽ-ജൂണിൽ തൃശൂർ ആസ്ഥാനമായുള്ള സി.എസ്.ബി ബാങ്ക് 53.6 കോടി രൂപയുടെ റെക്കാഡ് ലാഭം നേടി. മുൻവർഷത്തെ സമാനപാദത്തിൽ ലാഭം 19.5 കോടി രൂപയായിരുന്നു. കൊവിഡ് വായ്‌പകൾക്കായി 42.6 കോടി രൂപ പ്രൊവിഷനിംഗ് ഇനത്തിൽ നീക്കിവച്ചില്ലായിരുന്നെങ്കിൽ, കഴിഞ്ഞപാദ ലാഭം ഇതിലും ഉയരുമായിരുന്നുവെന്ന് ബാങ്ക് വ്യക്തമാക്കി.

പ്രവർത്തനലാഭം 40.1 കോടി രൂപയിൽ നിന്ന് 221.85 ശതമാനം വർദ്ധിച്ച് 129.1 കോടി രൂപയായി. അറ്റ പലിശ വരുമാനം 135.5 കോടി രൂപയിൽ നിന്നുയർന്ന് 185.3 കോടി രൂപയിലെത്തി; വർദ്ധന 40 ശതമാനം. പലിശയിതര വരുമാനം 146 ശതമാനം ഉയർന്ന് 74.3 കോടി രൂപയായി. മൊത്തം നിഷ്‌ക്രിയ ആസ്‌തി 3.54 ശതമാനത്തിൽ നിന്ന് 3.51 ശതമാനത്തിലേക്കും അറ്റ നിഷ്‌ക്രിയ ആസ്‌തി 1.91 ശതമാനത്തിൽ നിന്ന് 1.74 ശതമാനത്തിലേക്കും താഴ്‌ന്നത് ബാങ്കിന് നേട്ടമായെന്ന് മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ സി.വി.ആർ. രാജേന്ദ്രൻ പറഞ്ഞു.