ഇസ്ലാമാബാദ്: പാകിസ്ഥാനിൽ മൂന്ന് ഭീകരവാദ സംഘടനകൾ ലയിച്ച് ഒന്നാകാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. തെഹ്രിക് ഇ താലിബാൻ പാകിസ്ഥാൻ, അഫ്ഗാനിസ്ഥാനിലെ ജമാഅത്തുൾ അഹ്റർ, ഹിസ്ബുൾ അഹ്റർ എന്നീ സംഘടനകളാണ് ലയിച്ച് ഒന്നാകാൻ പോകുന്നതെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. ഇത് അഫ്ഗാനിസ്ഥാനിലെ സമാധാനത്തേയും തങ്ങളുടെ സുരക്ഷയെയും ബാധിക്കുമെന്നാണ് പാകിസ്ഥാന്റെ ഭയം.
ഏഴ് മാസത്തോളം നീണ്ടുനിന്ന മാരത്തോൺ ചർച്ചകൾക്ക് ഒടുവിലാണ് മൂന്ന് സംഘടനകളും ലയിക്കാൻ തീരുമാനിച്ചതെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. പാക് താലിബാൻ എന്നറിയപ്പെടുന്ന തെഹ്രിക് ഇ താലിബാൻ പാകിസ്ഥാൻ സേനയ്ക്ക് എന്നും തലവേദന സൃഷ്ടിക്കുന്ന ഭീകരവാദ സംഘടനയാണ്.മറ്റ് രണ്ട് ഭീകരവാദ സംഘടനകൾ കൂടി ഇവർക്കൊപ്പം ലയിക്കുന്നതോടെ തെഹ്രിക് ഇ താലിബാൻ കൂടുതൽ കരുത്താർജിക്കുമോയെന്നാണ് പാകിസ്ഥാന്റെ ആശങ്ക.
അഫ്ഗാനിസ്ഥാനിലെ പക്തിയ, കുനാറിൽ എന്നിവിടങ്ങളിൽ നടന്ന യോഗങ്ങളിൽ വച്ചാണ് മൂന്ന് സംഘടനകളും തമ്മിൽ ഒത്തു പ്രവർത്തിക്കാൻ തീരുമാനിച്ചത്. ലയനത്തിലൂടെ ഒന്നായ സംഘടനയുടെ തലവനായി തെഹ്രിക് ഇ താലിബാന്റെ നേതാവായ മുഫ്തി നൂർ വാലിയെ തിരഞ്ഞെടുത്തു. ഉപദേശക സമിതിയായ അമരി ശൂറയുടെ തലവനായിജമാ അത്തുൾ അഹ്ററിന്റെ നേതാവായ ഇക്രം തുറാബിയെ തിരഞ്ഞെടുത്തു. പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക ഈ സമിതിയിരിക്കും.അഫ്ഗാനിസ്ഥാനിൽ സമാധാനം നിലനിറുത്തുന്നതിനും പാകിസ്ഥാനിൽ നിന്നും ഭീകരവാദികളെ തുടച്ചുനീക്കുന്നതിനും ഭീകരവാദ സംഘടനയുടെ പുതിയ നീക്കം വെല്ലുവിളി സൃഷ്ടിക്കുമെന്നാണ് പാകിസ്ഥാന്റെ വിലയിരുത്തൽ.
ലഭ്യമായ കണക്കുകൾ പ്രകാരം അഫ്ഗാനിസ്താനിൽ ഏകദേശം 6000 മുതൽ 6500 വരെ പാക് ഭീകരർ പ്രവർത്തിക്കുന്നുണ്ട്. ഇവരിൽ അധികവും തെഹ്രിക് ഇ പാകിസ്ഥാൻ എന്ന സംഘടനയിൽ പെട്ടവരാണ്. എന്നാൽ വ്യത്യസ്ഥ അഭിപ്രായമുള്ള മൂന്ന് ഭീകര സംഘടനകൾ തമ്മിൽ ലയിച്ചതിന് പിന്നിൽ ബാഹ്യ ഇടപെടലുണ്ടായിട്ടുണ്ടോയെന്നാണ് പാകിസ്ഥാന്റെ സംശയം. ഇതിന് പിന്നിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോ ആണെന്നാണ് പാകിസ്ഥാൻ കരുതുന്നത്.