പെട്ടിമുടിയിലെ ദുരിതബാധിതര്‍ക്ക് അരികില്‍ വാഗ്ദാനവുമായി ഭരണകൂടമെത്തുമ്പോള്‍ വാഗ്ദാന ലംഘനത്തിന്റെ നേരനുഭവമാണ് മൂന്നാര്‍ അന്തോണിയാര്‍ കോളനിയിലെ മുപ്പതിലേറെ കുടുംബങ്ങള്‍ക്ക് പറയാനുള്ളത്. മൂന്നാറിലെ ആദ്യ ഉരുള്‍പൊട്ടലിന്റെ ഇരകളായ ഇവരെ മാറ്റിപ്പാര്‍പ്പിക്കുന്നതടക്കമുള്ള വാഗ്ദാനങ്ങള്‍ ഇപ്പോഴും ജലരേഖയാണ്.

2005 ജൂലായ് 25നായിരുന്നു മൂന്നാര്‍ നഗരത്തെ നടുക്കിയ ദുരന്തമുണ്ടായത്. അന്തോണിയാര്‍ കോളനിക്ക് മുകളിലെക്ക് കൂറ്റന്‍മല കുത്തിയൊലിച്ചെത്തിയത്. അന്ന് നാല് പേര്‍ മരിച്ചപ്പോള്‍ നിരവധിപ്പേര്‍ക്ക് പരിക്കുമേറ്റിരുന്നു. നഷ്ടപരിഹാരത്തിനൊപ്പം പുനരധിവസിപ്പിക്കാന്‍ മറ്റൊരു സ്ഥലം നല്‍കുമെന്ന് പറഞ്ഞെങ്കിലും നടപ്പായില്ല.

ഇപ്പോഴും തുടര്‍ച്ചയായി മഴ പെയ്താല്‍ ഇവരുടെ മനസില്‍ ആധിയാണ്. മൂന്നാറിലെ ഭൂകമ്പ സാധ്യത അറിയാനായി കോളനിക്ക് മുകളില്‍ ഭൂകമ്പമാപിനികള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇടയ്ക്ക് ഇടക്ക് മാപിനിയില്‍ നിന്നുള്ള മുന്നറിയിപ്പ് ലഭിക്കുമ്പോള്‍ ഏതെങ്കിലും ക്യാമ്പുകളിലേക്ക് പരക്കം പായണം. ഇപ്പോഴും അപായസൂചന ലഭിച്ചിട്ടുണ്ടങ്കിലും കൊവിഡിനെ പേടിച്ച് ലയങ്ങളില്‍ കഴിയുകയാണ് ഇവരെല്ലാം.

pettimudi