cm-

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വ്യോമയാന മന്ത്രാലയം സംസ്ഥാനത്തിന് നൽകിയ ഉറപ്പിന്റെ ലംഘനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.

സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ തീരുമാനിച്ചാല്‍ സംസ്ഥാനത്തിന്റെ സംഭാവനകള്‍ പരിഗണിക്കുമെന്നായിരുന്നു അന്ന് വ്യോമയാന മന്ത്രാലയം ഉറപ്പുനല്‍കിയത്. കൂടിക്കാഴ്ചയില്‍ ഇക്കാര്യം പ്രധാനമന്ത്രി ഉറപ്പ് വ്യക്തമാക്കിയതാണ്. സംസ്ഥാനത്തിന്റെ തീരുമാനം പരിഗണിച്ചില്ലെങ്കില്‍ കേന്ദ്രതീരുമാനത്തിനോട് സഹകരിക്കാനില്ലെന്നും മുഖ്യമന്ത്രി കത്തില്‍ പറയുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് തള്ളി തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് സ്വകാര്യകമ്പനിക്ക് നല്‍കാനാണ് കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചത്. അദാനി എന്റർപ്രസസിന് 50 വര്‍ഷത്തേയ്ക്കാകും വിമാനത്താവളം പാട്ടത്തിന് നല്‍കുക. ജയ്പ്പുര്‍, ഗുവാഹത്തി വിമാനത്താവളങ്ങളുടെ നടത്തിപ്പും സ്വകാര്യകമ്പനിക്ക് നല്‍കും.