നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം ബോളിവുഡ് സിനിമാ മേഖലയിൽ വലിയ ആഘാതം സൃഷ്ടിച്ചുവെങ്കിലും അത് ഏറ്റവും കൂടുതൽ ബാധിച്ചത് ഭട്ട് കുടുംബത്തിനാണ്.നടന്റെ മരണത്തെ തുടർന്ന് സോഷ്യൽ മീഡിയയിൽ വിമർശനം ഏറ്റുവാങ്ങേണ്ടിവന്ന സംവിധായകനാണ് മഹേഷ് ഭട്ട്. ഇതിന് പിന്നാലെ മഹേഷ് ഭട്ടിനും മകളും നടിയുമായ ആലിയ ഭട്ടിനും വീണ്ടുമൊരു തിരിച്ചടി നേരിട്ടിരിക്കുകയാണ്. ആലിയ ഭട്ട് നായികയായി എത്തുന്ന മഹേഷ് ഭട്ട് ചിത്രം സഡക്ക് 2 ട്രെയിലർ ലോകത്ത് ഏറ്റവും വെറുക്കപ്പെട്ട രണ്ടാമത്തെ യുട്യൂബ് വിഡിയോ എന്ന റെക്കോർഡ് നേടിയിരിക്കുകയാണ്.
11 മില്യൺ ഡിസ്‍ലൈക്കുകളാണ് സഡക്ക് 2 വിന്റെ ട്രെയിലറിന് ഇത് വരെ ലഭിച്ചത്. ആലിയ ഭട്ടിന് പുറമേ പൂജ ഭട്ടും സഡക്ക് 2 വിൽ അഭിനയിക്കുന്നുണ്ട്. ഇതും സുശാന്തിന്റെ ആരാധകരെ പ്രകോപിച്ചിട്ടുണ്ട്. സിനിമാ കുടുംബത്തിൽ നിന്നു തന്നെയുള്ള ആദിത്യ റോയ് കപൂറാണ് ചിത്രത്തിൽ നായകനായിയെത്തുന്നത്. സഞ്ജയ് ദത്തും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ആഗസ്റ്റ് 28ന് ചിത്രം ഡിസ്നി പ്ലസ് ഹോട്സറ്റാറിൽ റിലീസ് ചെയ്യും.