bjp

 കാബിനറ്റ് റാങ്കും രാജ്യസഭാ സീറ്റും വാഗ്ദാനം

 നിയമസഭാ തിര‌ഞ്ഞെടുപ്പ് കഴിയുന്നതുവരെ കാത്തിരിക്കാൻ തെക്കൻ കേരളത്തിൽ നിന്നുള്ള എം.പിയുടെ മറുപടി

ന്യൂഡൽഹി: കേരളത്തിൽ ബി.ജെ.പിയുടെ കുതിപ്പ് ലക്ഷ്യമിട്ട് യു.ഡി.എഫിൽ നിന്ന് പ്രമുഖ നേതാക്കളെ പാർട്ടിയിലേക്ക് കൊണ്ടുവരാൻ ദേശീയ നേതൃത്വം നീക്കം തുടങ്ങി. കേരളത്തിൽ നിന്നുള്ള ചില പാർലമെന്റംഗങ്ങളെയാണ് പ്രധാനമായും ബി.ജെ.പി നോട്ടമിട്ടിരിക്കുന്നത്. ദേശീയ തലത്തിൽ കോൺഗ്രസിനുള്ള സാദ്ധ്യത മങ്ങിയതോടെ വെറുതെ പ്രതിപക്ഷത്തിരിക്കുന്ന എം.പിമാരെ വൻ വാഗ്ദാനം നൽകി ഒപ്പം കൊണ്ടുവരാനാണ് ശ്രമം.

തെക്കൻ കേരളത്തിലെയും വടക്കൻ കേരളത്തിലെയും ഓരോ എം.പിമാരുമായി ബി.ജെ.പി ദേശീയ നേതൃത്വം പ്രാരംഭ ചർച്ച നടത്തിയതായി അറിയുന്നു. തെക്കൻ കേരളത്തിൽ നിന്നുള്ള എം.പിയ്ക്ക് കാബിനറ്റ് റാങ്കോടെയുള്ള കേന്ദ്രമന്ത്രി പദവും, ഭാവിയിൽ രാജ്യസഭാസീറ്റുമടക്കം വാഗ്ദാനം നൽകിയിട്ടുണ്ട്. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കാത്തിരിക്കാനാണ് എം.പി ബി.ജെ.പി നേതൃത്വത്തിന് നൽകിയ മറുപടി.

കേരളത്തിൽ അനുകൂല അന്തരീക്ഷമുണ്ടായിട്ടും പാർട്ടി പ്രതീക്ഷിച്ചതുപോലെ വളരാത്തതിൽ കേന്ദ്ര ആഭ്യന്തരമന്ത്രി കൂടിയായ അമിത്ഷായ്ക്ക് അതൃപ്തിയുണ്ട്. കെ.സുരേന്ദ്രൻ കേരള ഘടകം പ്രസിഡന്റായി വന്നശേഷം പാർട്ടി അണികളിൽ സജീവമായ ഉണർവുണ്ടായിട്ടുണ്ടെന്നാണ് പാർട്ടി ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ. എന്നാൽ, ഉത്തരേന്ത്യയിലും മറ്റും പരീക്ഷിച്ചതുപോലെ മറ്റു പാർട്ടികളിൽ നിന്നുള്ള ജനപ്രതിനിധികളെ ആകർഷിക്കാതെ ബി.ജെ.പിക്ക് കേരളത്തിൽ വലിയൊരു കുതിപ്പിന് കഴിയില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. പാർട്ടി ദേശീയ നേതൃത്വത്തിന്റെ താത്പര്യപ്രകാരം ബി.ജെ.പിയുടെ ഒരു സംസ്ഥാന മുഖ്യമന്ത്രിയാണ് ഇത്തരം ആശയവിനിമയത്തിന് തുടക്കമിട്ടത്. കേരള നേതൃത്വത്തിലെ ആരും ഇത്തരം ചർച്ചകളിൽ പങ്കെടുത്തിട്ടില്ല.

അബ്ദുള്ളക്കുട്ടിയും, അൽഫോൺസ് കണ്ണന്താനവും വലത്, ഇടതുപക്ഷത്തുനിന്ന് ബി.ജെ.പിയിലേക്കെത്തിയെങ്കിലും പാർട്ടിക്ക്, പ്രത്യേകിച്ച് കേരളത്തിൽ ഒരു നേട്ടവുമുണ്ടായിട്ടില്ലെന്നാണ്

വിലയിരുത്തൽ. സി.പി.എമ്മിൽ നിന്ന് കോൺഗ്രസ് വഴിയാണ് അബ്ദുള്ളക്കുട്ടി ബി.ജെ.പിയിലെത്തിയത്. കേരളത്തിൽ നിന്ന് യു.ഡി.എഫിന് 19 എം.പിമാരാണുള്ളത്. ദേശീയ രാഷ്ട്രീയത്തിൽ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്തതിനാൽ അവരിൽ ചിലരെയൊക്കെ ആകർഷിക്കാനാവുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ.

സി.പി.എമ്മിലേക്കും നോട്ടമിട്ടു

നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ ആരെയെങ്കിലും റാഞ്ചാൻ പറ്റുമോയെന്നും ബി.ജെ.പി നോക്കുന്നുണ്ട്.അടുത്ത തവണ നിയമസഭയിലെ അംഗത്വം വർദ്ധിപ്പിക്കണമെന്ന് ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. ഉടൻ നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷൻ പിടിക്കണമെന്ന ലക്ഷ്യത്തിൽ കരുക്കൾ നീക്കുകയാണ് പാർട്ടി സംസ്ഥാന നേതൃത്വം.