ന്യൂഡൽഹി: ജെ.ഇ.ഇ, നീറ്റിന് ഹാജരാകുന്ന വിദ്യാർത്ഥികൾ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് കേന്ദ്രസർക്കാർ നിർദേശം. വിദ്യാർത്ഥികൾ സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. ശരീര താപനില ഉയർന്നവർക്ക് പ്രത്യേക മുറിയിൽ പരീക്ഷ എഴുതാൻ അനുവദിക്കും. കോപ്പിയടി തടയുന്നതിനുള്ള ശരീര പരിശോധന ഇത്തവണയുണ്ടാകില്ല. പരീക്ഷ ഹാളിന്റെ തറയും ഭിത്തിയും സെന്ററിന്റെ ഗെയ്‌റ്റും അടക്കമുള്ളവ അണുനശീകരണം നടത്തണമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
പരീക്ഷ ഹാളുകളിൽ മാസ്‌കും ഗ്ലൗസും വിദ്യാർർത്ഥികൾ ധരിക്കണം. പരീക്ഷ ഡ്യൂട്ടിയിലുള്ള അദ്ധ്യാപകരും നിർദേശങ്ങൾ പാലിക്കണം. 25 ലക്ഷത്തോളം വിദ്യാർത്ഥികളാണ് സെപ്‌തംബർ 1 മുതൽ 13 വരെ നടക്കുന്ന ജെ.ഇ.ഇ, നീറ്റ് എഴുതുന്നത്. പരീക്ഷ നടത്തിപ്പിൽ കൊവിഡ് പ്രതിരോധത്തിന് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കും എന്നും പരീക്ഷ നിശ്‌ചയിച്ച സമയത്ത് നടത്തണമെന്നും കേന്ദ്രസർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
പരീക്ഷ മാറ്റിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികളും രക്ഷിതാക്കളും നൽകിയ ഒരു ഡസനോളം ഹർജികൾ നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. കൊവിഡ് കാലത്തും ജീവിതം മുന്നോട്ട് പോകണം. അതിനാൽ പരീക്ഷകൾ മാറ്റി വയ്ക്കുന്നത് ഉചിതമല്ല. മാറ്റിവച്ചാൽ ഈ അക്കാദമിക് വർഷം നഷ്ടമാകും. വിദ്യാർത്ഥികളുടെ ഭാവി അപകടത്തിലാകും. രാജ്യത്തിന് തന്നെ അത് വലിയ നഷ്ടമായിരിക്കും എന്നുമായിരുന്നു കോടതി നിരീക്ഷണം.