krishnakumar-k-surendran

നടൻ കൃഷ്ണകുമാറിനും കുടുംബത്തിനും പിന്തുണയുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. നരേന്ദ്ര മോദി സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങളെ അനുകൂലിച്ചതിന്റെ പേരിൽ കൃഷ്ണകുമാറിനെയും കുടുംബാംഗങ്ങളേയും വേട്ടയാടാന്‍ ആരേയും അനുവദിക്കില്ലെന്നും, ഒരു മഹാപ്രസ്ഥാനം എപ്പോഴും കൂടെയുണ്ടെന്നും സുരേന്ദ്രൻ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാന കൃഷ്ണയ്ക്കെതിരെ നേരത്തെ സൈബർ ആക്രമണം ഉണ്ടായിരുന്നു. സ്വർണക്കടത്തുകേസും, തിരുവനന്തപുരത്തെ ലോക്ക് ഡൗണുമായി ബന്ധപ്പെട്ടുള്ള ഇൻസ്റ്റഗ്രാം സ്റ്റോറിയുടെ പേരിലായിരുന്നു നടി വിമർശിക്കപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് ഒരു അഭിമുഖത്തിൽ കൃഷ്ണകുമാർ കഴിഞ്ഞദിവസം മനസുതുറന്നിരുന്നു.

'കേരളത്തിൽ ജീവിക്കുമ്പോൾ പബ്ലിക്കിൽ എഴുതാൻ പാടില്ലാത്ത രണ്ടു കാര്യങ്ങൾ, ഒന്ന് മതവും മറ്റൊന്ന് രാഷ്ട്രീയവുമാണ്. ആരെയും ഭയന്നിട്ടല്ല. എങ്കിലും ഇത് രണ്ടും നമ്മൾ തൽക്കാലം മാറ്റിവയ്ക്കുക. അല്ലെങ്കിൽ ഒരു രാഷ്ട്രീയ പാർട്ടിയിൽ മെമ്പർഷിപ്പ് എടുത്തിട്ട് പറയാനുളളത് പറയുക. അതല്ല സിനിമയാണെങ്കിൽ മറ്റെല്ലാ കാര്യങ്ങളിൽ നിന്നും മാറി നിൽക്കുക. കാരണം ഇന്ന് കേരളത്തിലെ സിനിമ മറ്റൊരു ലോകമാണ്." നടൻ പറഞ്ഞിരുന്നു.ഇതിനെ അനുകൂലിച്ചുകൊണ്ടാണ് സുരേന്ദ്രൻ രംഗത്തെത്തിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

പ്രിയപ്പെട്ട ശ്രീ. കൃഷ്ണകുമാർ, നരേന്ദ്ര മോദി സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങളെ അനുകൂലിച്ചതിന്റെ പേരിൽ താങ്കളേയും കുടുംബാംഗങ്ങളേയും വേട്ടയാടാന്‍ ആരേയും അനുവദിക്കില്ല. ഇതു പഴയ കേരളമല്ല. ലക്ഷോപലക്ഷം ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണ ഇന്ന് താങ്കൾക്കുണ്ട്. താങ്കളെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കാൻ കരുത്തുള്ള ഒരു മഹാ പ്രസ്ഥാനവും എപ്പോഴും കൂടെയുണ്ട്. എല്ലാവിധ ആശംസകളും പിന്തുണയും നേരുന്നു.