cm-

തിരുവനന്തപുരം: ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ഇതുമായി ബന്ധപ്പെട്ട ഫയലുകൾ മുഖ്യമന്ത്രി പിണറായി വിജയൻ വിളിപ്പിച്ചു.റെഡ് ക്രസന്റുമായി ബന്ധപ്പെട്ട ഫയലുകളാണ് വിളിപ്പിച്ചത്. നടപടിക്രമം പാലിക്കാതെ ധാരണാപത്രത്തിൽ ഒപ്പിട്ടുവെന്ന ആരോപണത്തിനിടെയാണ് ഫയലുകൾ ആവശ്യപ്പെട്ടത്.

നിയമവകുപ്പിലെയും തദ്ദേശവകുപ്പിലെയും ഫയലുകളാണ് മുഖ്യമന്ത്രി വിളിപ്പിച്ചത്. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ലൈഫ് മിഷനെങ്കിലും ഇതിന്റെ ഫയലുകൾ കൈകാര്യം ചെയ്തത് തദ്ദേശഭരണവകുപ്പാണ്. കൂടാതെ കരട് ധാരണാപത്രം പരിശോധിച്ചതാകട്ടെ നിയമവകുപ്പും. അതിനാലാണ് ഇരുവകുപ്പുകളിലെയും ഫയലുകൾ ആവശ്യപ്പെട്ടത്.

തദ്ദേശഭരണവകുപ്പ് മന്ത്രി എ.സി.മൊയ്തീനും ഫയലുകള്‍ ശേഖരിച്ച് പരിശോധന നടത്തുന്നുണ്ട്. വടക്കാഞ്ചേരിയിലെ ലൈഫ്മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ടാണ് റെഡ്ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ടിരുന്നത്. റെഡ്ക്രസന്റ് തയ്യാറാക്കിക്കൊണ്ടുവന്ന ധാരണാപത്രത്തിൽ ലൈഫ് മിഷൻ സി.ഇ.ഒ യു.വി ജോസാണ് സർക്കാരിന് വേണ്ടി ഒപ്പുവച്ചിരുന്നത്.

സ്വർണക്കടത്ത് കേസിൽ യു.വി ജോസിനെ എൻഫോഴ്സ്‌മെന്റ് ചോദ്യം ചെയ്യും.ലൈഫ് മിഷൻ പദ്ധതിയിൽ വടക്കാഞ്ചേരിയിൽ സർക്കാരിന്റെ രണ്ടേക്കറിൽ 140 ഫ്ലാറ്റ് നിർമ്മിക്കാൻ കരാർ നൽകിയതിന് സ്വപ്നയ്ക്ക് കമ്മിഷൻ നൽകിയതായി യൂണിടാക് നിർമ്മാണക്കമ്പനിയുടമ സന്തോഷ് ഈപ്പൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. വടക്കാഞ്ചേരി നഗരസഭ നൽകിയ ഭൂമിയിലാണ് റെഡ് ക്രസന്റ് എന്ന യു.എ.ഇയിലെ സന്നദ്ധ സംഘടന വഴി ഫ്ളാ​റ്റ് നിർമ്മാണം നടക്കുന്നത്.