ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ സ്ഥാനാർത്ഥികൾക്കുളള പ്രചാരണം കൊഴുക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ഒബാമ തന്റെ പിൻഗാമിയായ ട്രംപിനെതിരെ രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചിരിക്കുന്നത്.
ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയായ ജോ ബൈഡൻ തിരഞ്ഞെടുക്കപ്പെടേണ്ടത് അമേരിക്കയിൽ ജനാധിപത്യം രക്ഷനേടാൻ വളരെ അത്യാവശ്യമാണെന്ന് ഒബാമ അഭിപ്രായപ്പെട്ടു. 'ഡൊണാൾഡ് ട്രംപിന് ജോലിയിൽ വലിയ താൽപര്യമൊന്നുമില്ല. രാജ്യത്തിന്റെ പൊതുതാൽപര്യം സംരക്ഷിക്കാനോ, വേണ്ടവർക്ക് തന്റെ ഓഫീസിന്റെയും പദവിയുടെയും പ്രാപ്‌തി കണ്ടറിഞ്ഞ് സഹായം ചെയ്യാനും അയാൾക്ക് താൽപര്യമില്ല. തനിക്കും ചങ്ങാതിമാർക്കും മാത്രമാണ് പ്രസിഡന്റ് പദവി കൊണ്ട് ട്രംപ് ഗുണമുണ്ടാക്കിയത്.' ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രചരണ പരിപാടിയായ ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷനിലാണ് ഒബാമ ഇങ്ങനെ അഭിപ്രായപ്പെട്ടത്.
കൊവിഡ് മൂലം രാജ്യത്ത് മരണപ്പെട്ട 1,70,000 പേരുടെ മരണത്തിനുത്തരവാദി ട്രംപാണെന്ന് ഒബാമ കുറ്റപ്പെടുത്തി. നിരവധി പേർക്ക് തൊഴിൽ നഷ്‌ടമായി. രാജ്യത്തിന്റെ ജനാധിപത്യ താൽപര്യങ്ങൾ രാജ്യത്തിനകത്തും പുറത്തും ട്രംപ് ബലികൊടുത്തുവെന്നും ആ സ്ഥാനത്തിന് ട്രംപ് തീരെ യോജിച്ചയാളല്ല കാരണം അതിനയാൾ വളർന്നിട്ടില്ല. ഒബാമ പറഞ്ഞു.
ജോ ബൈഡനും വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി കമലാ ഹാരിസിനും ശക്തമായ പിന്തുണയാണ് തന്റെ പ്രസംഗത്തിൽ ഒബാമ നൽകിയത്. താൻ പ്രസിഡന്റായ കാലത്ത് വലിയ തീരുമാനങ്ങൾ എടുക്കുന്നതിൽ മികച്ച പിന്തുണയാണ് ജോ ബൈഡൺ നൽകിയതെന്ന് ഒബാമ അഭിപ്രായപ്പെട്ടു.
ഫിലാഡെൽഫിയയിലെ അമേരിക്കൻ റെവല്യൂഷൻ മ്യൂസിയത്തിലായിരുന്നു ഒബാമയുടെ വെർച്വൽ കൺവെൻഷൻ. ജനങ്ങളുടെ ക്ഷേമത്തിന് പ്രാപ്‌തിയുളളയാളെ പ്രസിഡന്റായി തിരഞ്ഞെടുക്കണമെന്ന് ഒബാമ പ്രസംഗത്തിലൂടെ ആവശ്യപ്പെട്ടു. നവംബർ മാസത്തിലാണ് അമേരിക്കയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുക.