airport

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനി‌ക്ക് നൽകാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിൽ അടിയന്തര സർവകക്ഷി യോഗം വിളിച്ച് സംസ്ഥാന സർക്കാർ. ഇന്ന് വൈകുന്നേരം നാല് മണിയ്‌ക്കാണ് യോഗം. വിഷയത്തിൽ എല്ലാ കക്ഷികളുടെയും പിന്തുണ നേടി കേന്ദ്രത്തിനെതിരെ ഒരുമിച്ച് നീങ്ങാനാണ് സർക്കാർ‌ ശ്രമിക്കുന്നത്.

അദാനി ഗ്രൂപ്പിന് നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടാനാണ് സംസ്ഥാന സർക്കാർ നീക്കം. നിയമ വിദഗ്ധരുമായി ആലോചിച്ചായിരിക്കും തുടർ നീക്കങ്ങളെന്നാണ് വിവരം. വിമാനത്താവള എംപ്ലോയീസ് യൂണിയൻ നൽകിയ കേസ് സുപ്രിം കോടതി ഹൈക്കോടതിയിലേക്ക് തിരിച്ചയച്ചിരുന്നു. ഹൈക്കോടതി ഫയലിൽ സ്വീകരിച്ചിരിക്കുന്ന കേസിന് പുറമെ സംസ്ഥാന സർക്കാരും നിയമ പോരാട്ടത്തിന്റെ ഭാഗമാകാനുള്ള സാദ്ധ്യതയാകും പരിശോധിക്കുക.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന രാഷ്ട്രീയ നീക്കങ്ങളെ അവഗണിച്ചാണ് കേന്ദ്രസർക്കാർ വിമാനത്താവളം അദാനിക്ക് ലീസിന് നൽകിയത്. വിമാനത്താവളം സ്ഥിതി ചെയ്യുന്ന ഭൂമിയുടെ അവകാശം മുതൽ ചരിത്ര പ്രാധാന്യം വരെയുള്ള കാര്യങ്ങൾ സംസ്ഥാനം നിരത്തി. സംസ്ഥാന സർക്കാർ രൂപീകരിക്കുന്ന കമ്പനി അദാനി ക്വാട്ട് ചെയ്ത അതേ തുക ക്വാട്ട് ചെയ്യാമെന്ന് വരെ പ്രധാനമന്ത്രിയെ അറിയിച്ചിട്ടും ഫലമുണ്ടായില്ല. വിമാനത്താവളം നഷ്ടപ്പെട്ടതിൽ കേന്ദ്ര സഹമന്ത്രി വി.മുരളീധരനും ബി.ജെ.പി സംസ്ഥാന നേതൃത്വവും മറുപടി പറയണമെന്നാണ് ഇടത് നേതാക്കൾ ആവശ്യപ്പെടുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനെതിരെ ശക്തമായ പ്രതിഷേധമുയർത്തിക്കൊണ്ടുവരാനാണ് പ്രതിപക്ഷത്തിന്റേയും സർക്കാരിന്റേയും നീക്കം.