ന്യൂഡൽഹി: കോടതി അലക്ഷ്യ കേസിൽ മാപ്പ് പറയാൻ തയ്യാറല്ലെന്ന് പ്രശാന്ത് ഭൂഷൺ. തെളിവ് ഹാജരാക്കാതെയുള്ള കോടതി തീരുമാനം ഞെട്ടിച്ചുവെന്ന് വ്യക്തമാക്കിയ അദ്ദേഹം കുറ്റക്കാരനെന്ന കോടതി വിധിയിൽ ദു:ഖമുണ്ടെന്നും പറഞ്ഞു. കോടതിയിൽ നിന്ന് ദയ ആഗ്രഹിക്കുന്നില്ല. ജനാധിപത്യത്തിൽ വിമർശനം ഉണ്ടാകും. അത് തന്റെ കർത്തവ്യമാണ്. കോടതി എന്ത് ശിക്ഷ വിധിച്ചാലും സ്വീകരിക്കാൻ തയ്യാറാണെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു.
പ്രശാന്ത് ഭൂഷണെതിരായ കോടതി അലക്ഷ്യ കേസിൽ സുപ്രീംകോടതിയിൽ വാദം പുരോഗമിക്കുകയാണ്. വാദം കേൾക്കൽ മാറ്റണമെന്ന ആവശ്യം കോടതി തള്ളി. പുന:പരിശോധന ഹർജി നൽകാൻ പ്രശാന്ത് ഭൂഷണ് അവകാശം ഉണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ അന്തിമവിധി വന്ന ശേഷവും പുന:പരിശോധന ഹർജി നൽകാമെന്നായിരുന്നു ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞത്.
പ്രശാന്ത് ഭൂഷണ് ജയിൽ ശിക്ഷ വിധിച്ചാലും പുന:പരിശോധന ഹർജിയിലെ തീരുമാനത്തിന് ശേഷമെ വിധി നടപ്പാക്കേണ്ടതുള്ളുവെന്ന് ജസ്റ്റിസ് മിശ്ര അറിയിച്ചു. കേസ് പരിഗണിക്കുന്ന ബെഞ്ചിനെതിരെ പ്രശാന്ത് ഭൂഷന്റെ അഭിഭാഷകൻ ദുഷ്യന്ത് ദവെ ആരോപണം ഉന്നയിച്ചു. ജസ്റ്റിസ് അരുൺമിശ്ര വിരമിക്കുന്നതിന് മുമ്പ് എല്ലാം തീരുമാനിക്കുന്നു എന്ന സന്ദേശം എന്തിന് നൽകുന്നുവെന്ന് ദവെ ചോദിച്ചു. മറ്റേതെങ്കിലും ബെഞ്ച് ശിക്ഷയിന്മേൽ വാദം കേൾക്കണമെന്ന് ദുഷ്യന്ത് ദവേ ആവശ്യപ്പെട്ടെങ്കിലും അങ്ങനെ ഒരു വ്യവസ്ഥയില്ലെന്ന് ജസ്റ്റിസ് അരുൺമിശ്ര വ്യക്തമാക്കി.
അതേസമയം പ്രസ്‌താവന തിരുത്തുമോയെന്ന് പ്രശാന്ത്ഭൂഷണോട് കോടതി ചോദിച്ചു. തിരുത്താനാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പ്രശാന്ത് ഭൂഷണെ ശിക്ഷിക്കരുതെന്നായിരുന്ന് അറ്റോർണി ജനറൽ കോടതിയിൽ അഭ്യർത്ഥിച്ചു.