indore

ന്യൂഡൽഹി: മികച്ച നഗരങ്ങളെ കണ്ടെത്താനുള‌ള കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിന്റെ 'സ്വച്ഛ് മഹോത്‌സവ്' വെർച്വൽ പരിപാടിയിൽ ഇന്ത്യയിലെ ഏ‌റ്റവും വൃത്തിയുള‌ള നഗരമായി ഇൻഡോറിനെ വീണ്ടും തിരഞ്ഞെടുത്തു. ആകെ 129 നഗരങ്ങൾക്കും സംസ്ഥാനങ്ങൾക്കും പുരസ്‌കാരങ്ങൾ ലഭിച്ചു. രാജ്യത്തെ വൃത്തിയേറിയ നഗരങ്ങളെ കണ്ടെത്താനുള‌ള 'സ്വച്ഛ് സർവേക്ഷൺ 2020' സർവേയിലാണ് ഇൻഡോർ ഒന്നാമതെത്തിയത്. ഗുജറാത്തിലെ സൂറ‌റ്റ് രണ്ടാമതും മഹാരാഷ്‌ട്രയിലെ നവി മുംബയ് മൂന്നാമതുമെത്തി.

ഒരു ലക്ഷത്തിൽ താഴെ മാത്രം ജനസംഖ്യയുള‌ള നഗരങ്ങളിൽ മഹാരാഷ്‌ട്രയിലെ കരാട് ഒന്നാമതെത്തി. മഹാരാഷ്‌ട്രയിലെ തന്നെ സാസ്വഡ്, ലോണാവാല എന്നിവയാണ് രണ്ടും മൂന്നും സ്ഥാനത്തെത്തിയത്. തുടർച്ചയായി നാലാമത്തെ തവണയാണ് വൃത്തിയേറിയ നഗരമായി ഇൻഡോർ തിരഞ്ഞെടുക്കപ്പെടുന്നത്. സ്വച്ഛ് മഹോത്‌സവ് ആദ്യ ഭാഗത്തിൽ മൈസൂരു ആയിരുന്നു വിജയി. പിന്നീട് നാല് വർഷങ്ങളിലായി നടന്ന സർവേയിലും ഇൻഡോറാണ് ഒന്നാമതെത്തിയത്.

സംസ്ഥാനങ്ങളെ രണ്ട് വിഭാഗങ്ങളിലായാണ് സർവേ പരിഗണിച്ചത്. നൂറിലേറെ പ്രാദേശിക ഭരണകൂടമുള‌ളവയും നൂറിൽ താഴെ പ്രാദേശിക ഭരണകൂടമുള‌ളവയും. വിജയികളായ 129 നഗരങ്ങൾക്കും സംസ്ഥാനങ്ങൾക്കും കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി സമ്മാനങ്ങൾ വിതരണം ചെയ്‌തു.