കൊച്ചി: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് വീണ്ടും ഒരാൾ കൂടി മരിച്ചു. എറണാകുളം അടുവാശേരി സ്വദേശി അഹമ്മദുണ്ണിയാണ് മരിച്ചത്. 65 വയസായിരുന്നു. കളമശേരി മെഡിക്കൽ കോളേജിലായിരുന്നു മരണം. ഇതോടെ സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി.
കാസർകോട്, മലപ്പുറം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കോഴിക്കോട് സ്വദേശികളാണ് മരിച്ച മറ്റുള്ളവർ. ആലപ്പുഴയിൽ അരൂർ സ്വദേശി പനച്ചിക്കൽ വീട്ടിൽ തങ്കമ്മ (78) ആണ് മരിച്ചത്. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തങ്കമ്മ ഇന്ന് പുലർച്ചെയാണ് മരിച്ചത്. ഇവർക്ക് പ്രമേഹവും മറ്റ് വാർദ്ധക്യസഹജമായ അസുഖങ്ങളുമുണ്ടായിരുന്നതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
മലപ്പുറത്ത് കരുവമ്പ്രം സ്വദേശി കുഞ്ഞു മൊയ്തീൻ (65) മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന തൃക്കരിപ്പൂർ ഈയ്യക്കാട് സ്വദേശി പി.വിജയകുമാർ (55) ആണ് കാസർകോട് മരിച്ചത്. കടുത്ത ശ്വാസതടസത്തെ തുടർന്ന് ദിവസങ്ങളായി വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. ഇയാളുടെ കുടുംബത്തിലെ മൂന്ന് പേർക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
കോട്ടയം വടവാതൂർ ചന്ദ്രാലയത്തിൽ പി.എൻ ചന്ദ്രൻ, പത്തനംതിട്ട പ്രമാടം സ്വദേശി പുരുഷോത്തമൻ, കോഴിക്കോട് മാവൂർ സ്വദേശി മുഹമ്മദ് ബഷീർ എന്നിവരും കൊവിഡ് ബാധിച്ച് മരിച്ചു. ചന്ദ്രനും പുരുഷോത്തമനും കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. പുരുഷോത്തമൻ ന്യുമോണിയ ബാധിതൻ കൂടിയായിരുന്നു. മുഹമ്മദ് ബഷീർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. മരിച്ച മുഹമ്മദ് ബഷീറിന്റെ ഭാര്യയടക്കം കുടുംബത്തിലെ 13 പേർക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരെല്ലാം വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.