എനിക്കൊരു കുഞ്ഞുണ്ടാകുമ്പോൾ ജാതിക്കും മതത്തിനും
അതീതമായിട്ടേ വളർത്തൂ. ജാതിയുടെയും മതത്തിന്റെയും കോളം പൂരിപ്പിക്കേണ്ടാത്ത സ്കൂളിലേ ചേർക്കൂ. മലയാളത്തിന്റെ പ്രിയ നായിക അനുസിതാര തുറന്നുപറയുന്നു
ഇന്ന് അനുസിതാരയുടെ പിറന്നാളാണ് .കൊവിഡ് കാലമായതിനാൽ ഭർത്താവുമൊത്ത് വയനാട്ടിലെ പുതിയ വീട്ടിൽത്തന്നെ. ഇരുവരുടെയും കുടുംബവും ഒപ്പമുണ്ട്.
തൊടിയിൽ നിറയെ ചെടികളും പൂക്കളും. വീടിന്റെ പിന്നാമ്പുറത്ത് അടുക്കളത്തോട്ടം.കാറ്റും വെളിച്ചവും ഇഷ്ടംപോലെ കടന്നുവരുന്ന തുറന്ന വിശാലമായ ഹാൾ.
സ്വപ്നം കണ്ടപോലൊരു വീട് സ്വന്തമാക്കിയതിന്റെ ആഹ്ളാദത്തിലാണ് അനുസിതാര ഇപ്പോൾ.
കല്പറ്റയിൽ സ്വന്തം നാട്ടിലാണ് അനുവിന്റെ പുതിയ വീട്.
'ഇംഗ്ളണ്ടിലെയെക്കെ വീടുകളുടെ സ്റ്റൈലിലുള്ളൊരു വീട്. ഞാനും വിഷ്ണുവേട്ടനും പലപല പ്ളാനുകൾ വരപ്പിച്ചു. എന്നിട്ടാണ് വീടിന്റെ പ്ളാൻ തിരഞ്ഞെടുത്തത്. " അനുസിതാര വിശേഷങ്ങൾ പറഞ്ഞുതുടങ്ങി.
'വീട് പണി തുടങ്ങിയിട്ട് കുറച്ചുകാലമായി. പാലുകാച്ച് മാർച്ചിലായിരുന്നു. " .
എറണാകുളത്ത് ഫ്ളാറ്റില്ലേ?
അത് കാക്കനാടാണ്. ഷൂട്ടിംഗ് തിരക്കുകളും മറ്റും വരുമ്പോൾ യാത്രാസൗകര്യം നോക്കിയാണ് കാക്കനാട് ഫ്ളാറ്റെടുത്തത്. എന്നാലും സമയം കിട്ടുമ്പോഴൊക്കെ ഞാൻ വയനാട്ടിലേക്ക് ഒാടിവരും.
പുതിയ വീട്ടിൽ താമസം തുടങ്ങിയത് നല്ല സമയത്താ. ഒന്നിനും സമയമില്ലെന്ന പരാതിയില്ല. ലോക്ക് ഡൗൺ സമയമായതിനാൽ എല്ലാ ജോലികളും സ്വയം ചെയ്യണം. പാചകവും , പാത്രം കഴുകലും മുതൽ തൂത്തുവാരലും തറ തുടയ്ക്കലും വരെ.
പാചകത്തിൽ എങ്ങനെ?
അത്ര വലിയ എക്സ്പർട്ടൊന്നുമല്ല. തീരെ മോശവുമല്ല. അത്യാവശ്യം ഉണ്ടാക്കാനറിയാവുന്ന ചില സാധനങ്ങളുണ്ട്. ഇപ്പോൾ പുതിയൊരു പരീക്ഷണം കൂടി തുടങ്ങി. പുഡ്ഡിംഗ്.വിഷ്ണുവേട്ടന്റെ വീടും ഇവിടെ അടുത്താണ്. വിഷ്ണുവേട്ടനും അനിയന്മാരെല്ലാംകൂടി ചിലപ്പോൾ ഗ്രിൽഡ് ചിക്കനുണ്ടാക്കും. ചിലപ്പോൾ ബട്ടർ ചിക്കൻ.
വീടിന് പിന്നിൽ കുളമുണ്ട്. ആ കുളത്തിൽ നിന്ന് മീൻ പിടിച്ച് മാങ്ങയൊക്കെയിട്ട് മീൻകറി വയ്ക്കും. അങ്ങനെ നല്ല രസമാ. പാചകത്തിനൊപ്പം തന്നെ ഡാൻസ് പ്രാക്ടീസുണ്ട്. ഷൂട്ടിംഗ് തിരക്കുകൾക്കിടയിലായിരുന്നപ്പോൾ ഡാൻസ് പ്രാക്ടീസ് ചെയ്യാൻ മടിയായിരുന്നു.ഇപ്പോ ആ മടി മാറി. ഡാൻസ് പ്രാക്ടീസ് ചെയ്യുന്ന വീഡിയോ ഷൂട്ട് ചെയ്തു ഇൻസ്റ്റഗ്രാമിലിടുന്നതാണ് ഇപ്പോഴത്തെ ഹോബി.
വിഷ്ണു ഫോട്ടോഗ്രാഫറാണ്. വിഷ്ണു എടുത്ത അനുവിന്റെ ആദ്യ ഫോട്ടോ ഏതാണെന്ന് ഒാർമ്മയുണ്ടോ?
നാട്ടിൽ റിയൽ എന്ന പേരിലുള്ള ഒരു കടയുടെ ഉദ്ഘാടനത്തിനായിരുന്നു അത്. കാവ്യേച്ചി (കാവ്യാ മാധവൻ)യായിരുന്നു ഉദ്ഘാടനം. ഞങ്ങളുടെ കുടുംബ സുഹൃത്തുക്കളുടേതായിരുന്നു കട. അവർ ക്ഷണിച്ചിട്ട് ഞങ്ങളും ഉദ്ഘാടനത്തിന് പോയിരുന്നു. അവിടെവച്ച് ഞാനറിയാതെ വിഷ്ണുവേട്ടൻ എന്റെ കുറേ ഫോട്ടോസെടുത്തു. അന്നേ വിഷ്ണുവേട്ടന് എന്നെ ഇഷ്ടമാണ്. പക്ഷേ എനിക്കതറിയില്ലായിരുന്നു. ഞങ്ങളുടെ കല്യാണം കഴിഞ്ഞപ്പോഴാണ് ആ ഫോട്ടോസ് വിഷ്ണുവേട്ടന്റെ കൈയിലുള്ള കാര്യം ഞാനറിഞ്ഞത്.
അനുവിന് കാവ്യയുമായി നല്ല സാമ്യമുണ്ടെന്ന് ചിലർ പറയാറുണ്ട്?
അങ്ങനെ പറഞ്ഞ് കേൾക്കുമ്പോൾ വലിയ സന്തോഷമുണ്ട്. കാവ്യേച്ചിയുടെ അത്ര സൗന്ദര്യമൊന്നും എനിക്കില്ലെന്ന് എനിക്ക് നല്ല ബോദ്ധ്യമുണ്ട്. ചിലർ പറയും എനിക്ക് ലക്ഷ്മി ഗോപാലസ്വാമിയുമായി നല്ല സാമ്യമുണ്ടെന്ന്. ഒരു ഇന്ത്യൻ പ്രണയ കഥയിൽ ലക്ഷ്മിചേച്ചിയുടെ കുട്ടിക്കാലം അവതരിപ്പിച്ചത് ഞാനാണ്. ലക്ഷ്മിചേച്ചിയുടെ മുഖഛായയുണ്ടെന്ന ഒറ്റക്കാരണത്താലാണ് എന്നെ ആ സിനിമയിലേക്ക് തിരഞ്ഞെടുത്തത് തന്നെ.
ഡാൻസിൽ എന്താണ് ഭാവി പരിപാടികൾ?
അമ്മയ്ക്ക് നവരസ എന്ന പേരിലൊരു ഡാൻസ് സ്കൂളുണ്ട്. നാട്ടിൽ കല്പറ്റയിൽത്തന്നെയാണ് ആ ഡാൻസ് സ്കൂൾ വിപുലീകരിക്കണമെന്നുണ്ട്.
സിനിമയിൽ നിന്ന് റിട്ടയർ ചെയ്യുന്ന അല്ലെങ്കിൽ നമുക്ക് സിനിമകൾ കുറയുന്ന കാലത്തും എൻഗേജ്ഡായിരിക്കണ്ടെ. നായികയാകാൻ അനുസിതാരതന്നെ വേണമെന്ന നിർബന്ധമൊന്നുമില്ലല്ലോ! കഴിവും സൗന്ദര്യവുമുള്ള എത്രയോ പേരുണ്ട്. എത്രയോ പേർ ഇനി വരാനിരിക്കുന്നു. സിനിമ ആഗ്രഹിച്ച് അർപ്പണ മനോഭാവത്തോടെ വരുന്ന എത്രയോ പെൺകുട്ടികൾ. പുതിയ ആൾക്കാരെ കാണാൻ ആൾക്കാർക്കുമിഷ്ടമാണ്.
ഐശ്വര്യ റായിയെപ്പോലെ ഇപ്പോഴും നിലനിൽക്കുന്നവരുണ്ട്. മലയാളത്തിലും പഴയ നായികമാർ പലരും തിരിച്ചുവരുന്നുണ്ട്. അഭിനയത്തിന് പ്രായം ഒരു പ്രശ്നമല്ല. പക്ഷേ പഴയ കാല നായികമാരെപ്പോലെ ഇന്നത്തെ നായികമാർക്ക് ഒരുപാട് കാലം നിൽക്കാൻ പറ്റില്ല. അവർക്ക് കിട്ടിയ പോലെ കരുത്തുറ്റ കഥാപാത്രങ്ങളും സിനിമകളും കിട്ടാത്തതിനാലാവാം.
തമിഴിൽ അഭിനയിക്കുന്നുവെന്ന് കേട്ടല്ലോ?
തമിഴിൽ രണ്ട് സിനിമകൾ ചെയ്യുന്നു. രണ്ടും നായികാപ്രാധാന്യമുള്ള സിനിമകളാണ്. ഷൂട്ടിംഗ് പൂർത്തിയായിട്ടില്ല. രണ്ട് സിനിമകളെക്കുറിച്ചും കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പറയാൻ പറ്റില്ല. ആ സിനിമയുടെ ആൾക്കാർ തന്നെ ആ പ്രോജക്ടുകൾ അനൗൺസ് ചെയ്യും.
കോസ്റ്റ്യുംസിന്റെ കാര്യത്തിൽ കടുംപിടുത്തമുള്ള ഒരാൾ തമിഴ് പോലെ ഒരു ഗ്ളാമർ ഇൻഡസ്ട്രിയിൽ എങ്ങനെ പൊരുത്തപ്പെടും?
പൊരുത്തപ്പെടാനാവുന്ന സിനിമകളെ ഞാൻ ചെയ്യൂ. ആദ്യംമുതലേ എനിക്ക് ചേരുന്ന കോസ്റ്റ്യൂമുകളേ ഞാൻ ധരിക്കാറുള്ളു. ഒരു കോസ്റ്റ്യൂമിട്ടിട്ട് എനിക്ക് തന്നെ എന്നെ കാണാൻ ഭംഗി തോന്നിയില്ലെങ്കിൽ മറ്റുള്ളവർക്ക് എന്ത് തോന്നും. എനിക്ക് മാത്രമല്ല അതിന്റെ സംവിധായകനും കോസ്റ്റ്യുമർക്കുമെല്ലാം ചീത്തപ്പേരാണ്.
അങ്ങനെ ചേരാത്ത ഒരു വേഷമിട്ട് അഭിനയിക്കുമ്പോൾ നമ്മൾ ഒട്ടും കംഫർട്ടബിളായിരിക്കില്ല. അത് പെർഫോമൻസിനെയും സെറ്റിലെ അന്തരീക്ഷത്തെയുമെല്ലാം ബാധിക്കും.
കോസ്റ്റ്യുംസിന്റെ കാര്യത്തിൽ ഞാൻ വാശി പിടിക്കാറൊന്നുമില്ല. പറ്റില്ലെങ്കിൽ ചെയ്യില്ലാന്നേ പറയാറുള്ളൂ.
മാമാങ്കത്തിൽ ഞാൻ ചെറിയ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. കോസ്റ്റ്യുംസിന്റെ കാര്യത്തിൽ ഒരാശയക്കുഴപ്പം വന്നപ്പോൾ ഞാനത് തുറന്ന് പറഞ്ഞു. അവരത് മാനേജ് ചെയ്തു. മാമാങ്കം ഒരു വലിയ സിനിമയല്ലേ. കുറേക്കാലം കഴിയുമ്പോൾ അത്തരമൊരു ബിഗ് ബഡ്ജറ്റ് മൂവിയുടെ ഭാഗമായിരുന്നു ഞാനുമെന്ന് എനിക്ക് അഭിമാനത്തോടെ പറയാമല്ലോ.
പല പ്രോഗ്രാമുകളിലും അനു നന്നായി പ്രസംഗിക്കുന്നത് കണ്ടിട്ടുണ്ട്?
ചെറിയ കുട്ടിയായിരുന്നപ്പോൾത്തന്നെ ഞാൻ പ്രസംഗമത്സരങ്ങളിലൊക്കെ പങ്കെടുത്തിട്ടുണ്ട്. പൊട്ടാസ് ബോംബ് എന്ന സിനിമയിലാണ് ഞാൻ ആദ്യമായി അഭിനയിക്കുന്നത്. ആ സിനിമ റിലീസായിക്കഴിഞ്ഞപ്പോൾത്തന്നെ നാട്ടിൽ എന്നെ ചെറിയ ചെറിയ ഉദ്ഘാടനങ്ങൾക്കൊക്കെ വിളിക്കുമായിരുന്നു. അച്ഛനാണ് എന്നെ പ്രസംഗിക്കാൻ പഠിപ്പിച്ചത്. ഒരു പ്രോഗ്രാമിന് പോയി നന്നായി സംസാരിച്ചില്ലെങ്കിൽ അച്ഛൻ നല്ല ചീത്ത പറയും. 'എടീ മണ്ടത്തീ.. "ന്നൊക്കെ വിളിക്കും.
അച്ഛനും അമ്മയും മിശ്രവിവാഹിതരായിരുന്നു?
അതെ. അങ്ങനെ ഒരച്ഛന്റെയും അമ്മയുടെയും മകളായി ജനിച്ചതുകൊണ്ട് എനിക്ക് നല്ലത് മാത്രമേയുണ്ടായിട്ടുള്ളൂ. ജാതിയും മതത്തിനുമപ്പുറം പരസ്പരമുള്ള സ്നേഹവും വിശ്വാസവുമാണ് ഏറ്റവും പ്രധാനമെന്നാണ് അച്ഛനും അമ്മയും എന്നെ പഠിപ്പിച്ചത്.
മുസ്ളിം പള്ളിയിലും ക്രിസ്ത്യൻ പള്ളിയിലും അമ്പലങ്ങളിലുമൊക്കെ ഞാൻ പോകാറുണ്ട്. ആരാധനാലയങ്ങൾ ഏറ്റവുമധികം പോസിറ്റീവ് എനർജി കിട്ടുന്ന സ്ഥലമാണ്. ഏറ്റവും നല്ല മനസുമായാണ് എല്ലാവരും അവിടേക്ക് വരുന്നത്. ആ പോസിറ്റീവ് എനർജി നമ്മളിലേക്കും പകരും.
എനിക്കൊരു കുഞ്ഞുണ്ടാകുമ്പോൾ ജാതിക്കും മതത്തിനും അതീതമായിട്ടേ ആ കുഞ്ഞിനെ വളർത്തൂ. ജാതിയുടെയും മതത്തിന്റെയും കോളം പൂരിപ്പിക്കേണ്ടാത്ത സ്കൂളിലേ ഞാനെന്റെ കുഞ്ഞിനെ ചേർക്കൂ.
പതിനെട്ട് വയസ് കഴിഞ്ഞ് കുഞ്ഞ് സ്വയം തീരുമാനിക്കട്ടെ ഏതെങ്കിലും ജാതിയോ മതമോ സ്വീകരിക്കണമെന്ന്.
അല്ല.. അങ്ങനെയൊരാൾ എന്നാ വരുന്നേ?
അതറിഞ്ഞൂടാ. എല്ലാം ദൈവഹിതം പോലെ. എന്തായാലും സമയമുണ്ടല്ലോ!