covid-19

ന്യൂഡൽഹി: ഡൽഹിയിലെ ജനസംഖ്യയുടെ ഏകദേശം മൂന്നിലൊന്ന് ആളുകളിലും കൊവിഡ് സാന്നിദ്ധ്യമെന്നും, പ്രതിരോധിക്കാൻ അവരിൽ ആന്റിബോഡികളുണ്ടെന്നും റിപ്പോർട്ട്. രാജ്യ തലസ്ഥാനത്തെ രണ്ടാമത്തെ സീറോളജിക്കൽ സർവേയുടെ വിശദാംശങ്ങൾ പുറത്ത്.

രണ്ടാമത്തെ സീറോളജിക്കൽ സർവേയിൽ 29.1 ശതമാനം പേരിൽ വൈറസ് ബാധയുണ്ടെന്ന് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ പറഞ്ഞു. അതായത് ഡൽഹിയിൽ 58 ലക്ഷം പേർക്ക് ആന്റിബോഡികൾ ഉണ്ട്. തെക്കുകിഴക്കൻ ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം കണ്ടെത്തിയത് (33.2ശതമാനം).അതായത് മുൻ സർവേയെ അപേക്ഷിച്ച്(22.12) വൻ വർദ്ധനവാണ് ഉണ്ടായത്. ന്യൂഡൽഹി പ്രദേശത്താണ് ഏറ്റവും കുറവ് കേസുകൾ കണ്ടത് (24.6 ശതമാനം).

വൈറസ് ബാധിച്ച ശേഷം ആന്റിബോഡികൾ ഉള്ളവരെ ആറ് മുതൽ എട്ട് മാസം വരെ സംരക്ഷിക്കും. ഈ ആന്റിബോഡികൾ ആറ് മുതൽ എട്ട് മാസം വരെ നിലനിൽക്കുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. കഴിഞ്ഞ മാസം നടന്ന ആദ്യത്തെ സീറോളജിക്കൽ സർവേയിൽ ഡൽഹിയിലെ ജനസംഖ്യയുടെ 23.48 ശതമാനം കൊവിഡ് സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. മറ്റ് രണ്ട് സർവേകൾ സെപ്തംബർ, ഒക്ടോബർ മാസങ്ങളിലെ ആദ്യ ആഴ്ചകളിൽ ഉണ്ടായെക്കുമെന്നാണ് സൂചന.

സീറോളജിക്കൽ സർവേ ജനസംഖ്യ ഒരു രോഗത്തിലേക്ക് എത്തുന്നത് ട്രാക്കുചെയ്യാൻ സഹായിക്കുന്നു, ഇത് പരിശോധന താരതമ്യേന കുറവായിരിക്കുമ്പോൾ പ്രത്യേകിച്ചും സഹായകരമാണ്.രക്തസാമ്പിളുകൾ എടുക്കുകയും ആന്റിബോഡികൾക്കായി പരിശോധിക്കുകയും ചെയ്യുന്നു. ലക്ഷണമില്ലാത്തവരും സ്വന്തമായി സുഖം പ്രാപിച്ചവരുമായ ആളുകളെ പോലും കണ്ടെത്താനാകും.വൈറസുകൾ പോലുള്ള ബാഹ്യജീവികളോട് പോരാടുന്നതിന് ശരീരം ഉത്പാദിപ്പിക്കുന്ന രോഗപ്രതിരോധശേഷിയുള്ള പ്രോട്ടീനുകളാണ് ആന്റിബോഡികൾ.വൈറസ് ബാധ ഉണ്ടായതിനു ശേഷം മാത്രമാണ് ഇവ രൂപപ്പെടുന്നത്.