jail

തിരുവനന്തപുരം: ആശങ്ക ഉയർത്തി കൊവിഡ് പടരുന്നതോടെ സംസ്ഥാനത്തെ ജയിലുകളിൽ കഴിയുന്ന വിചാരണ തടവുകാർക്ക് കോടതിയിൽ നിന്ന് ജാമ്യം ലഭിക്കുന്നതിന് സർക്കാർ എതിര് നിൽക്കില്ല. തിരുവനന്തപുരത്തും കൊല്ലത്തും ജയിലിൽ കഴിയുന്നവർക്കാണ് ഇപ്പോൾ കൊവിഡ് ബാധ കൂടുതലായി സ്ഥിരീകരിച്ചിരിക്കുന്നത്. പൂജപ്പുര സെൻട്രൽ ജയിലിൽ 970 തടവുകാരിൽ 477 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതുകൂടാതെ ജില്ലാ ജയിലിൽ 36 പേർക്കും കൊവിഡ് ബാധിച്ചു. കൊല്ലം ജില്ലാജയിലിൽ ഇതുവരെ 66 പേർക്കാണ് കൊവിഡ് പോസിറ്റിവായത്.

250 പേർക്ക് ഇടക്കാല ജാമ്യത്തിന് സാദ്ധ്യത

കൊവിഡ് രോഗം ആദ്യഘട്ടത്തിൽ വ്യാപിച്ചപ്പോൾ ജയിലുകളിലെ തിരക്ക് ഒഴിവാക്കാനായി നിരവധി വിചാരണത്തടവുകാർക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇവരുടെ കേസ് കോടതിയിൽ വിചാരണയ്ക്ക് എത്തിയപ്പോൾ കൊവിഡിന്റെ സാഹചര്യം കണക്കിലെടുത്ത് ജാമ്യം നൽകുന്നതിൽ എതിർപ്പില്ലെന്ന് സർക്കാർ അറിയിക്കുകയായിരുന്നു. കൊവിഡ് വ്യാപനം ഇപ്പോൾ രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്താകെ 250 വിചാരണത്തടവുകാർക്ക് ഇത്തരത്തിൽ ഇടക്കാല ജാമ്യം നൽകുന്നതിനെ എതിർക്കേണ്ടെന്നാണ് സർക്കാർ നിലപാട്. ഇതുകൂടാതെ ജയിലുകളിൽ കഴിയുന്ന 65 വയസിന് മുകളിലുള്ള തടവുകാർക്ക് പരോൾ അനുവദിക്കുന്ന കാര്യവും സർക്കാർ ആലോചിച്ചു വരികയാണ്. കൊവിഡിന്റെ ആദ്യവ്യാപനം ഉണ്ടായപ്പോൾ ഫെബ്രുവരിയിൽ 800 ഓളം തടവുകാർക്ക് പരോൾ നൽകിയിരുന്നു. കൊവിഡ് ഇനിയും രൂക്ഷമാവുകയാണെങ്കിൽ ഗവർണറുടെ അംഗീകാരത്തോടെ ഈ പ്രായപരിധിയിലുള്ളവരെ മോചിപ്പിക്കുന്നതിനും സർക്കാരിന് ആലോചനയുണ്ട്.

ഉറവിടം വ്യക്തമായില്ല

പൂജപ്പുര സെൻട്രൽ ജയിലിൽ കൊവിഡ് സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗത്തിനും രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. തടവുകാരിൽ പ്രായമേറിയവരും മറ്റ് അസുഖങ്ങളുള്ളവരുമുണ്ട്. കൊവിഡ് ഹൈ റിസ്‌ക് വിഭാഗത്തിൽ പെടുന്ന പ്രായമേറിയവർക്ക് അതീവശ്രദ്ധ നൽകണമെന്ന് സർക്കാർ നേരത്തെ തന്നെ നിർദ്ദേശിച്ചിട്ടുള്ളതാണ്. പൂജപ്പുര സെൻട്രൽ ജയിലിൽ ആദ്യമായി രോഗം സ്ഥീകരിച്ച കിളിമാനൂർ പുലിപ്പള്ളിക്കോണം ഉഴുന്നുവിള വീട്ടിൽ മണികണ്ഠൻ (72) കഴിഞ്ഞയാഴ്ച മരിച്ചു. മണികണ്ഠന് എവിടെ നിന്നാണ് രോഗം ബാധിച്ചത് എന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ജയിലിൽ തടവുകാരെ പരിശോധിക്കാൻ ഡോക്ടറുണ്ടെങ്കിലും ചില സാഹചര്യങ്ങളിൽ വിദഗ്ദ്ധ പരിശോധനകൾക്കായി ആശുപത്രികളിലേക്ക് കൊണ്ടുപോകേണ്ടി വരും. ഇങ്ങനെ കൊണ്ടുപോയപ്പോഴാകാം തടവുകാർക്ക് രോഗം പകർന്നതെന്നാണ് ജയിലധികൃതർ കരുതുന്നത്.

ജയിലിൽ ആരോഗ്യസംഘം

പൂജപ്പുരയിൽ രോഗബാധ രൂക്ഷമായതോടെ തടവുകാരുടെ ചികിത്സയ്ക്കായി രണ്ട് ഡോക്ടർമാരും രണ്ട് നഴ്സുമാരും അടങ്ങിയ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പല തടവുകാർക്കും കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലാത്തതിനാൽ രോഗം എത്രയുംവേഗം സുഖപ്പെടുമെന്നാണ് കരുതുന്നത്.