bayern-munich

ലിസ്ബൺ : യൂറോപ്യൻ ഫുട്ബാളിൽ ജർമ്മൻ ക്ളബ് ബയേൺ മ്യൂണിക്കിന്റെ കുതിപ്പിനെ തടുക്കാൻ ഇനി പാരീസ് എസ്.ജി മാത്രം ബാക്കി. കഴിഞ്ഞ രാത്രി നടന്ന യുവേഫ ചാമ്പ്യൻസ് ലീഗിന്റെ സെമിഫൈനലിൽ ഫ്രഞ്ച് ക്ളബ് ഒളിമ്പിക് ലിയോണിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് പറപ്പിച്ച ബയേൺ ഫൈനലിൽ നെയ്മറും കിലിയൻ എംബാപ്പെയും ഡി മരിയയുമൊക്കെ അണിനിരക്കുന്ന പാരീസ് എസ്.ജിയെ നേരിടും. ഞായറാഴ്ച രാത്രിയാണ് ഫൈനൽ.

കഴിഞ്ഞ ദിവസം ക്വാർട്ടർ ഫൈനലിൽ രണ്ടിനെതിരെ എട്ടുഗോളുകൾക്ക് ബാഴ്സലോണയെ ആട്ടിയോടിച്ചതിന്റെ തുടർച്ചയെന്നോണമായിരുന്നു ലിയോണിനെതിരെ ബയേണിന്റെ ബയണറ്റ് പ്രയോഗം. ലിയോണിന് തിരിച്ചടിക്കാൻ ഒരവസരം പോലും നൽകാതെ ഇരു പകുതികളിലുമായി മൂന്നുഗോളുകൾ ബയേൺ അടിച്ചു കയറ്റി. ആദ്യ പകുതിയിൽ രണ്ട് ഗോളുകൾ നേടിയിരുന്ന സെർജ് ഗ്‌നാബ്രിയും രണ്ടാം പകുതിയുടെ അവസാന സമയത്ത് വലകുലുക്കിയ റോബർട്ടോ ലെവൻഡോവ്സ്കിയും ചേർന്നാണ് ജർമ്മൻ കരുത്തർക്ക് വിജയമുറപ്പിച്ചത്.

ഗോളുകൾ ഇങ്ങനെ

1-0

18-ാം മിനിട്ട്

സെർജ് ഗ്‌നാബ്രി

ജോഷ്വ കിമ്മിഷിൽ നിന്ന്കിട്ടിയ പന്തുമായി വലതുവിംഗിലൂടെ ഒാടിക്കയറി നാല് ഡിഫൻഡർമാർക്കിടയിലൂടെ ഉൗളിയിട്ട് ബോക്സിനുള്ളിലെത്തിയാണ് ഗ്‌നാബ്രി വലതുളച്ചത്.

2-0

33-ാം മിനിട്ട്

സെർജ് ഗ്‌നാബ്രി

ലെവൻഡോവ്സ്കിയുടെ ആദ്യ ശ്രമം ലിയോൺ പ്രതിരോധം തട്ടിത്തെറുപ്പിച്ചത് പിടിച്ചെടുത്തായിരുന്നു ഗ്‌നാബ്രിയുടെ രണ്ടാം ഗോൾ.

3-0
88-ാം മിനിട്ട്

ലെവൻഡോവ്സ്കി

ബോക്സിന് പുറത്തുനിന്ന് കിമ്മിഷ് എടുത്ത ഒരു ഫ്രീകിക്കിന് ഡിഫൻഡറെ വെട്ടിച്ച് ഉയർന്നുചാടി തലവയ്ക്കുകയായിരുന്നു ലെവൻഡോവ്സ്കി

9

തുടർച്ചയായ ഒൻപതാം ചാമ്പ്യൻസ് ലീഗ് മത്സരത്തിലാണ് ലെവൻഡോവ്സ്കി സ്കോർ ചെയ്യുന്നത്. 2003ൽ റൂഡ് വാൻ നിസ്റ്റൽ റൂയിയും 2018ൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും മാത്രമേ ഇത്രയും മത്സരങ്ങളിൽ തുടർച്ചയായി സ്കോർ ചെയ്തിട്ടുള്ളൂ.

55

ഗോളുകളാണ് ഇൗ സീസണിൽ ലെവൻഡോവ്സ്കി സ്കോർ ചെയ്തിരിക്കുന്നത്.15 ഗോളുകൾ ചാമ്പ്യൻസ് ലീഗിൽ നിന്ന് മാത്രം. ചെൽസിക്കെതിരെ പ്രീക്വാർട്ടറിൽ രണ്ട് ഗോളുകൾ,ക്വാർട്ടറിലും സെമിയിലും ഒാരോ ഗോൾ വീതം.

8

ഈ സീസണിലെ ഒൻപത് മത്സരങ്ങളിൽ നിന്ന് തന്റെ എട്ടാമത്തെ ഗോളാണ് ഗ്‌നാബ്രി പൂർത്തിയാക്കിയത്.

5

തവണ ചാമ്പ്യൻസ് ലീഗ് നേടിയിട്ടുള്ള ടീമാണ് ബയേൺ. 2013 ലായിരുന്നു അവസാന കിരീടനേട്ടം.അന്ന് ജർമ്മൻ ക്ളബ് ബൊറൂഷ്യ ഡോർട്ട്മുണ്ടിനെ 2-1നാണ് കീഴടക്കിയത്.

ഇല്ലാ,ഇല്ലാ... തോറ്റിട്ടില്ല

2020ൽ കളിച്ച ഒറ്റ മത്സരത്തിൽ പോലും ബയേൺ മ്യൂണിക്ക് തോറ്റിട്ടില്ല. 25മത്സരങ്ങൾ കളിച്ചപ്പോൾ 24 എണ്ണത്തിലും വിജയം നേടി. ഒരേയൊരു മത്സരത്തിൽ മാത്രമാണ് സമനില വഴങ്ങിയത്. ഈ സീസണിലെ ജർമ്മൻ ബുണ്ടസ് ലിഗയും ജർമ്മൻ കപ്പും ഹാൻസി ഫ്ളിക്ക് പരിശീലിപ്പിക്കുന്ന ബയേണിനെത്തേടിയെത്തി. ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് റൗണ്ടിൽ ചെൽസി,ബാഴ്സലോണ എന്നിവരെയാണ് സെമിക്ക് മുമ്പ് കീഴടക്കിയത്.

ഈ സീസണിലെ എല്ലാ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിലും വിജയം.