prasanth-bhooshan

ന്യൂഡൽഹി: കോടതി അലക്ഷ്യ കേസിൽ പരാമർശം പിൻവലിക്കാൻ പ്രശാന്ത് ഭൂഷണ് സുപ്രീംകോടതി രണ്ട് ദിവസത്തെ സമയം നൽകി. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. എത്രസമയം തന്നാലും നിലപാട് മാറ്റില്ലെന്നാണ് പ്രശാന്ത് ഭൂഷന്റെ നിലപാട്. കേസിൽ മാപ്പ് പറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോടതി തന്നെ തെറ്റിദ്ധരിക്കുകയായിരുന്നെന്നും അതിൽ വേദനയുണ്ടെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു. താൻ കുറ്റക്കാരനാണെന്ന കോടതിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നതാണ്. കോടതിക്കുനേരെ മന:പൂർവമായ ആക്രമണമാണ് താൻ നടത്തിയതെന്ന നിഗമനത്തിലേയ്ക്ക് കോടതി എത്തിച്ചേർന്നത് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണെന്ന് അത്ഭുതപ്പെടുകയാണെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു.

ജനാധിപത്യത്തിൽ ഏതൊരു സ്ഥാപനത്തിന് നേരെയും തുറന്ന വിമർശനം ഭരണഘടനയെ സംരക്ഷിക്കുന്നതിന് അനിവാര്യമാണ്. രാജ്യം പ്രത്യേക ഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ തന്റെ കർത്തവ്യമെന്ന് വിശ്വസിക്കുന്ന ചില കാര്യങ്ങളാണ് ചെയ്‌തത്. ഇത്തരമൊരു ഘട്ടത്തിൽ മൗനം പാലിക്കുന്നത് തന്റെ ഭാഗത്തുനിന്നുള്ള വലിയ വീഴ്ചയായിരിക്കും. അതുകൊണ്ട് ക്ഷമാപണം നടത്തുകയോ ദയ അഭ്യർത്ഥിക്കുകയോ ചെയ്യില്ല. നിയമപ്രകാരം കോടതി നൽകുന്ന ഏത് ശിക്ഷയും സന്തോഷത്തോടെ സ്വീകരിക്കുമെന്നും പ്രശാന്ത് ഭൂഷൺ വ്യക്തമാക്കി.

എല്ലാ വ്യക്തികൾക്കും കോടതിയെ വിമർശിക്കുന്നതിനുള്ള അധികാരമുണ്ട്. എന്നാൽ അതിന് ഒരു ലക്ഷ്‌മണ രേഖയുണ്ട്. പ്രശാന്ത് ഭൂഷൺ ആ പരിധി ലംഘിച്ചിരിക്കുന്നു. അതുകൊണ്ടാണ് ഇത്തരത്തിലൊരു നടപടിയെന്നാണ് ജസ്റ്റിസ് അരുൺമിശ്രയുടെ നിരീക്ഷണം. കഴിഞ്ഞ ആറുവർഷത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാർ, ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ എന്നിവർക്കെതിരേ ട്വീറ്റ് ചെയ്തതിൽ പ്രശാന്ത് ഭൂഷൺ കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.