ഇന്ത്യ ഉൾപ്പെടെയുള്ള ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ജിമെയിൽ പണിമുടക്കിയെന്ന് റിപ്പോർട്ടുകൾ. ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ട് ലോഗിൻ ചെയ്യാനോ, മെയിലുകൾ അയയ്ക്കാനോ സാധിക്കുന്നില്ല. നിരവധിയാളുകളാണ് സോഷ്യൽ മീഡിയയിലൂടെ ജിമെയിൽ സേവനത്തെക്കുറിച്ച് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
'ഞങ്ങളുടെ ടീം പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ്. കൂടുതൽ വിവരങ്ങൾ ഞങ്ങൾ അപ്‌ഡേറ്റ് (പിന്നീട്) നൽകും. നിങ്ങളുടെ ക്ഷമയ്ക്ക് നന്ദി.'ഗൂഗിൾ അറിയിച്ചു. ഇന്ത്യയിലെ നിരവധി ഉപയോക്താക്കളാണ് തങ്ങൾക്ക് അക്കൗണ്ടിലേക്ക് പ്രവേശിക്കാനോ, മെയിലിൽ ഫയൽ അറ്റാച്ചു ചെയ്യാനോ,സന്ദേശം അയയ്ക്കാനോ കഴിയുന്നില്ലെന്ന് പരാതിപ്പെട്ടു.
ഡൗൺ ഡിറ്റക്ടർ റിപ്പോർട്ട് അനുസരിച്ച് ജിമെയിൽ, ഗൂഗിൾ ഡ്രൈവ് പോലുള്ള ഗുഗിളിന്റെ മറ്റ് സേവനങ്ങൾ ഇന്ത്യയിൽ മാത്രമല്ല, ഓസ്‌ട്രേലിയ, ജപ്പാൻ,തുടങ്ങി നിരവധി രാജ്യങ്ങളിലും തകരാറുകൾ നേരിടുന്നു. രാവിലെ 11 ഓടെയാണ് ഇന്ത്യയിൽ പ്രശ്നങ്ങൾ ആരംഭിച്ചതെന്ന് ഡൗൺ ഡിറ്റക്ടർ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. 62 ശതമാനം ഉപയോക്താക്കൾക്കും ഫയലുകൾ അറ്റാച്ചു ചെയ്യാൻ സാധിക്കുന്നില്ലെന്നും, 27 ശതമാനം പേർക്ക് ലോഗിൻ ചെയ്യാൻ കഴിയുന്നില്ലെന്നും 10 ശതമാനം ഉപയോക്താക്കൾ സന്ദേശം സ്വീകരിക്കാൻ സാധിക്കുന്നില്ലെന്നാണ് വിദഗ്ദ്ധർ പറയുന്നത്.