ലിസ്ബൺ : ചരിത്രത്തിലാദ്യമായി പാരീസ് എസ്.ജിയെ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തിക്കാൻ കോച്ച് തൊമാസ് ടുഹേലിന് ഒടിഞ്ഞ കാലൊരു തടസമായില്ല. അറ്റലാന്റയ്ക്കെതിരായ ക്വാർട്ടർ ഫൈനലിന് തൊട്ടുമുമ്പ് ടീമിനൊപ്പം പരിശീലനം നടത്തവേയാണ് ടുഹേലിന്റെ ഇടതുകാലിന് പരിക്കേറ്റത്. തുടർന്ന് ടച്ച് ലൈനിനരികിൽ നിൽക്കാൻ കഴിയാതിരുന്ന ടുഹേൽ ഐസ് ബോക്സ് ഇരിപ്പിടമാക്കിയാണ് തന്ത്രങ്ങൾ പറഞ്ഞുകൊടുത്തത്. ജർമ്മൻകാരനായ ടുഹേൽ ബൊറൂഷ്യ ഡോർട്ട്മുണ്ടിൽ നിന്ന് രണ്ടുകൊല്ലം മുമ്പാണ് പാരീസിലെത്തിയത്. ഫൈനലിൽ ജർമ്മൻ ക്ളബ് ബയേണാണ് ടുഹേലിന്റെ എതിരാളികൾ.