neymer-jersy

ലിസ്ബൺ : യുവേഫ ചാമ്പ്യൻസ് ലീഗിൽ ചരിത്രം കുറിക്കാനൊരുങ്ങുന്ന ഫ്രഞ്ച് ക്ളബ് പി.എസ്.ജിയുടെ തുറുപ്പുചീട്ട് നെയ്മറിനെ വിലക്കുമെന്ന് അഭ്യൂഹം. ലെയ്പ്സിഗുമായുള്ള സെമിക്ക് ശേഷം എതിർടീമിലെ മാർസൽ ഹാൽസ്റ്റൻബെർഗുമായി ജഴ്സി കൈമാറിയതിലൂടെ താരം കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്നും ഇതിന്റെ പേരിൽ ഫൈനലിൽ നിന്ന് വിലക്കിയേക്കുമെന്നുമാണ് ഇംഗ്ലിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മത്സരങ്ങൾ പുനരാരംഭിക്കുന്നതിനു മുന്നോടിയായി യുവേഫ പുറത്തിറക്കിയ നിർദ്ദേശങ്ങളിൽ ഇതേക്കുറിച്ച് പരാമർശമുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ജഴ്സി കൈമാറുന്നത് ഉൾപ്പെടെയുള്ള പ്രോട്ടോക്കോൾ ലംഘനങ്ങൾക്ക് 12 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാക്കുമെന്ന് വ്യക്തമാക്കിയിരുന്നതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, യുവേഫയുടെ ഔദ്യോഗിക പ്രോട്ടോക്കോൾ ചട്ടങ്ങളിൽ ഐസൊലേഷൻ കാലാവധി രേഖപ്പെടുത്തിയിട്ടില്ല.

ജഴ്സി കൈമാറുന്ന പതിവ് മാറ്റിവയ്ക്കണമെന്നത് ഒരു നിർദ്ദേശം മാത്രമാണെന്നും യുവേഫയുടെ ചട്ടമല്ലെന്നും മറുവിഭാഗം വാദിക്കുന്നു. ചട്ടലംഘനത്തിന് താക്കീത് ചെയ്യാമെന്നല്ലാതെ മത്സരത്തിൽനിന്ന് വിലക്കുന്ന പ്രശ്നം ഉദിക്കുന്നില്ലെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.