ന്യൂഡൽഹി: കേന്ദ്രമന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത്തിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. താനുമായി സമ്പർക്കത്തിൽ ഏർപ്പെട്ട എല്ലാവരും നിരീക്ഷണത്തിൽ പോകണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. കൊവിഡ് ലക്ഷണങ്ങളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മന്ത്രിയ്ക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിക്കുന്ന ആറാമത്തെ കേന്ദ്രമന്ത്രിയാണ് അദ്ദേഹം.
ഗുഡ്‌ഗാവിലെ സ്വകാര്യ ആശുപത്രിയിലാണ് ഗജേന്ദ്രസിംഗ് ഷെഖാവത്തിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഈ മാസം ആദ്യം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ശ്രീപദ് നായിക്, കൈലാഷ് ചൗധരി, അർജുൺ റാം മേഘ്‌വാൾ, ധർമ്മേന്ദ്ര പ്രധാൻ തുടങ്ങി കേന്ദ്രമന്ത്രിമാർക്കാണ് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചത്.
അതേസമയം മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് ഡൽഹിയിലെ സൈനിക ആശുപത്രി അറിയിച്ചു. വെന്റിലേറ്റർ സഹായം തുടരുന്നു എന്നും മെഡിക്കൽ ബുള്ളറ്റിനിൽ ആശുപത്രി അധികൃതർ വ്യക്തമാക്കി. ഇന്നലെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായിരുന്നു.